
തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ തന്ത്രി കണ്‌ഠരര് രാജീവരരെ ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്‌തിരുന്നു.
വളരെ രഹസ്യമായാണ് തന്ത്രിയെ ചോദ്യംചെയ്യലിനായി അന്വേഷണ സംഘം എത്തിച്ചത്. അറസ്റ്റിന് ശേഷം തന്ത്രിയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചിരിക്കുകയാണ്.
അറസ്റ്റിലായെങ്കിലും ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് കണ്‌ഠരര് രാജിവരരെ മാറ്റുന്നത് അത്ര എളുപ്പമല്ലെന്നാണ് വിവരം. രാജീവരരുടേത് ഊരാണ്മ തന്ത്രിസ്ഥാനമാണ്. തന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടവർ ദേവന്റെ പിതൃസ്ഥാനത്തായതിനാല്‍ പ്രതിഷ്‌ഠയുടെ ക്രിയാപരമായ കാര്യങ്ങളും പ്രാണസന്നിവേശവും നടത്തേണ്ടയാളാണ്.
അതിനാല്‍ പെട്ടെന്ന് മാറാൻ കഴിയില്ല. ക്ഷേത്രനിർമ്മാണ ശേഷം അഷ്‌ടമംഗല ദേവപ്രശ്‌നം വച്ച് ദേവഹിതം അറിഞ്ഞാണ് തന്ത്രിയെ നിശ്ചയിക്കുന്നത്. ദേവന്‌മുന്നില്‍ സത്യം ചെയ്‌താണ് തന്ത്രി സ്ഥാനമേല്‍ക്കുക. ഇതിനുശേഷം പരമ്ബരാഗതമായി ഈ സ്ഥാനം കൈയാളുകയാണ് പതിവ്. തന്ത്രി സ്ഥാനത്തുനിന്ന് സ്വയം മാറാൻ തയ്യാറാകുകയോ, വംശം അന്യം നിന്നുപോകുകയോ ചെയ്‌താലേ സ്ഥാനം മാറുകയുള്ളൂ. തന്ത്രി മാറുന്നതിന് മുൻപ് ക്ഷേത്രത്തിന്റെ മറ്റ് ഊരാണ്മക്കാർ, മതാചാര്യർ എന്നിങ്ങനെ നിരവധിപേരുമായി ചർച്ചചെയ്യേണ്ടതുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2006ല്‍ തന്ത്രികേസില്‍ ഉള്‍പ്പെട്ട കണ്‌ഠരര് മോഹനരര് പിന്നീട് ശബരിമല തന്ത്രിയായി തിരികെയെത്തിയില്ല. കോടതി മോഹനരരെ കുറ്റമുക്തനാക്കിയെങ്കിലും ദേവസ്വം ബോർഡ് 2009ല്‍ പ്രധാന തന്ത്രി കണ്‌ഠരര് മഹേശ്വരരോടൊപ്പം പരികർമ്മിയായി ശബരിമലയില്‍ പൂജചെയ്യാനും മോഹനർക്ക് അനുമതി നല്‍കിയില്ല.
നിലവില്‍ ശബരിമലയില്‍ തന്ത്രിയറിയാതെ സ്വർണക്കൊള്ള നടക്കില്ല എന്നാണ് എസ്‌ഐടി കണ്ടെത്തിയത്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് ശബരിമലയിലേക്ക് വാതില്‍ തുറന്നുകൊടുത്തത് രാജീവരര് ആയതിനാല്‍ ഇനി അദ്ദേഹത്തിന് സ്ഥാനനഷ്‌ടമുണ്ടാകുമോ എന്നത് വരുംദിവസങ്ങളില്‍ അറിയാം.




