ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് കേന്ദ്ര ഏജൻസി വരും:എഫ് ഐ ആര്‍ രേഖകള്‍ക്കായി ഇഡിക്ക് അപേക്ഷ നല്‍കാമെന്ന് ഹൈക്കോടതി: ഇഡി വന്നാൽ അറസ്റ്റ് ഇനിയുമുണ്ടാകും : പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി നീട്ടി.

Spread the love

കൊല്ലം: ‘ശബരിമല’ സ്വര്‍ണ്ണപാളി കേസില്‍ ഇഡി അന്വേഷണം വരും. ഇഡിക്ക് എഫ് ഐ ആര്‍ രേഖകള്‍ നല്‍കാമെന്ന നിഗമനത്തിലാണ് ഹൈക്കോടതി.
പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് ഒരു മാസം കൂടി അനുവദിക്കുകയും ചെയ്തു. എഫ് ഐ ആര്‍ രേഖകള്‍ക്കായി ഇഡിക്ക് അപേക്ഷ നല്‍കാം. മജിസ്‌ട്രേട്ട് കോടതിയിലാണ് അപേക്ഷ നല്‍കേണ്ടത്. ഈ പരാമര്‍ശത്തോടെ രേഖകള്‍ ഇഡിക്ക് കിട്ടുന്ന സാഹചര്യമുണ്ടാകും.

video
play-sharp-fill

അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം അവസാനിച്ച സാഹചര്യത്തിലാണ് ഒരു മാസം കൂടി നീട്ടി നല്‍കിയത്. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്‌ഐടി ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുവദിച്ചത്. സ്വര്‍ണകൊള്ള കേസിലെ എഫ്‌ഐആര്‍, അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കേണ്ടത്. സ്വര്‍ണകൊള്ളയില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇഡി രേഖകള്‍ ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക അന്വേഷണ സംഘം അതിവേഗ അറസ്റ്റിലേക്ക് പോകും. മൂന്നം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഇനിയും അറസ്റ്റുകള്‍ അനിവാര്യമാണെന്ന സൂചനകളുണ്ട്. ഇതിനൊപ്പമാണ് ഇഡിയുടെ കൈയ്യിലേക്കും കേസ് രേഖകള്‍ എത്തുന്നത്. ഇതോടെ കേന്ദ്ര ഏജന്‍സിയും അന്വേഷണം തുടരും. അവരും അറസ്റ്റുകളിലേക്ക് കടക്കും. ഇത് കേസിന് പുതിയ മാനവും നല്‍കും. വിഗ്രഹ കടത്ത് മാഫിയയെ അടക്കം നേരത്തെ ഹൈക്കോടതി സംശയ നിഴലില്‍ നിര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇഡിയുടെ നീക്കം നിര്‍ണ്ണായകമാകും.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി നിരീക്ഷണം കടുത്തതും ദേവസ്വം ബോര്‍ഡിലുള്ളവരിലേക്ക് അന്വേഷണം കടന്നതും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍കൂടി ഇതിലേക്ക് എത്തുമെന്ന സംശയം സിപിഎമ്മിനുണ്ട്. കേസ് സര്‍ക്കാരിനെയോ സിപിഎമ്മിനെയോ ബാധിക്കാത്തവിധം മാറ്റിനിര്‍ത്താനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. പാര്‍ട്ടിയുടെ ഭാഗമായ എന്‍. വാസു അറസ്റ്റിലായിട്ടും അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍നിന്ന് മാറിനില്‍ക്കാനാണ് സിപിഎം ശ്രമിച്ചിട്ടുള്ളത്. കേസില്‍ പ്രതിയായതോടെ വാസുവിനെ പൂര്‍ണമായി തള്ളുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. പത്മകുമാര്‍ അറസ്റ്റിലായപ്പോഴും തന്ത്രപരമായ നീക്കമാണ് സ്വീകരിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന്റെ ജാമ്യാപേക്ഷയും കൊല്ലം വിജിലന്‍സ് കോടതി തള്ളി. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, താന്‍ വിരമിച്ചതിനു ശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നാണ് വാസുവിന്റെ വാദം. ബോര്‍ഡിന്റെ ഉത്തരവിറങ്ങിയപ്പോഴും ചുമതലയില്‍ ഉണ്ടായിരുന്നില്ല.

മുരാരി ബാബു നല്‍കിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും അതിനെ ശിപാര്‍ശയെന്ന് പറയാനാകില്ലെന്നും വാസു പറയുന്നു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്നും വാസു കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കോടതി തള്ളുന്നത്. ഇതോടെ വാസവിന് ജയിലില്‍ തുടരേണ്ടി വരും.