
കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസില്‍ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് ആവർത്തിച്ച് ഹൈക്കോടതി.
ചെമ്പ് പൊതിഞ്ഞതാണെന്ന് എൻ വാസു ജാമ്യപേക്ഷയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് കോടതി ചോദിച്ചത്. യഥാർത്ഥത്തില്‍ സ്വർണ്ണപ്പാളികളായിരുന്നോ അവയെന്നും കോടതി ചോദിച്ചു.
കേസില്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങളൊക്കെ വിചാരണ കോടതിയുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ദേവസ്വം മുൻ കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഹർജി വിധി പറയാൻ മാറ്റി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയും വിധി പറയാൻ മാറ്റി.
അതേസമയം, ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ റിമാൻഡ് വീണ്ടും നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് റിമാൻഡ് നീട്ടിയത്. ദ്വാരപാലക കേസില്‍ പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു. കട്ടിളപ്പാളി കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ കസ്റ്റഡിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിബാബുവിന്‍റെയും ഇനിയുള്ള ചോദ്യം ചെയ്യല്‍ നിർണായകമാണ്. ഇന്നലെയാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങിയത്. ദേവസ്വം ജീവനക്കാരില്‍ നിന്നും മുൻ ദേവസ്വം ബോർഡ് അംഗങ്ങളില്‍ നിന്നും മറ്റ് സാക്ഷികളില്‍ നിന്നും ലഭിച്ച മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ തീർക്കാനാണ് ചോദ്യം ചെയ്യല്‍. ഈ ചോദ്യംചെയ്യലില്‍ പല പ്രാധാന കാര്യങ്ങളും പുറത്തുവരുമെന്നാണ് എസ്‌ഐടി കരുതുന്നത്. അന്വേഷണം അന്തിമഘട്ടത്തിലെത്തുമ്ബോള്‍ മുൻ ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്തിന്‍റെയും ഭരണ സമിതിയിലെ അംഗങ്ങളുടെയും മൊഴിയെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണത്തിന്‍റെ ഭാഗമായി എല്ലാവരുടെയും മൊഴിയെടുക്കേണ്ടിവരുമെന്നാണ് എസ്‌ഐടി പറയുന്നത്. ഈ വർഷം ദ്വാരപാലക ശില്‍പ്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയി സ്വർണം പൂശാൻ അനുമതി തേടിയത് ദേവസ്വം പ്രസിഡൻ്റ് പ്രശാന്താണെന്ന തന്ത്രിയുടെ മൊഴിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. പക്ഷെ ഏറ്റവും ഒടുവില്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയി സ്വർണം പൂശിയത് ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണ പരിധിയില്‍പ്പെടുന്നില്ല.
സ്വർണപാളികള്‍ ചെന്നൈ സ്മാർട് ക്രിയേഷനില്‍ കൊണ്ടുപോയി സ്വർണം വേർതിരിച്ച് തട്ടുകയായിരുന്നുവെന്നാണ് എസ്‌ഐടി കണ്ടെത്തിയത്. ഈ സ്ഥാപനത്തിന്‍റെ സിഇഒ പങ്കജ് ഭണ്ടാരിയെയും രണ്ടു ജീവനക്കാരെയും ഇന്നലെ എസ്‌ഐടി ചോദ്യം ചെയ്തു. ഇവരെ വീണ്ടും ചോദ്യം ചെയ്യും. സ്വർണം വാങ്ങി ബല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധന് നല്‍കിയ കല്‍പ്പേഷിനെയും വീണ്ടും ചോദ്യം ചെയ്യും.
ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം പുറത്തുവരാനായാണ് എസ്‌ഐടി സംഘം കാത്തിരിക്കുന്നത്. ഇപ്പോള്‍ ശബരിമലയിലുള്ള പാളികളുടെ കാലപ്പഴക്കം അറിയണമെങ്കില്‍ ശാസ്ത്രീയ പരിശോധന ഫലം വരണം. ഇതിന് ശേഷമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാൻ അന്വേഷണ സംഘത്തിന് കഴിയുകയുള്ളു. സ്വർണപാളികളും ചെമ്പ് പാളികളും പുറത്തുകൊണ്ടുപോയി അന്താരാഷ്ട്ര മാഫിയക്ക് വില്‍പ്പന നടത്തിയെന്നാണ് ആരോപണം.
അതേസമയം, സ്വർണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് രമേശ് ചെന്നിത്തല നടത്തിയ വെളിപ്പെടുത്തലില്‍ പറയുന്ന വിവരങ്ങള്‍ കൈമാറിയ വ്യാപാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. കഴിഞ്ഞ ആഴ്ച മൊഴിയെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു



