ശബരിമല സ്വർണക്കടത്ത് വ്യാപ്തി വർധിച്ചതും ദേവസ്വം ബോർഡിന്റെ പങ്ക് സംശയിക്കപ്പെടുകയും ചെയ്തതോടെ സി ബി ഐ അന്വേഷണം വന്നേക്കും: അന്യസംസ്ഥാനങ്ങളിലെ ഗൂഢാലോചന അന്വേഷണ സംഘത്തിന് വെല്ലുവിളി

Spread the love

തിരുവനന്തപുരം:ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നും കട്ടിളയില്‍ നിന്നും സ്വർണം കവർന്ന കേസില്‍ അന്വേഷണം വഴിത്തിരിവിലേക്ക്.
നിലവില്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച്‌. വെങ്കടേശിന്റെ പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം എങ്കിലും, സി.ബി.ഐ. അന്വേഷണം വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റ് ഒഴികെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് സി.ബി.ഐ. അന്വേഷണത്തിനുള്ള സാധ്യത വർദ്ധിക്കുന്നത്.

video
play-sharp-fill

സ്വർണക്കവർച്ചാ കേസില്‍ ദേവസ്വം ബോർഡ് അധികൃതരുടെ പങ്ക് വിശദമായി അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം നല്‍കിയതോടെ ബോർഡ് കുരുക്കിലായിരിക്കുകയാണ്. ഗൂഢാലോചനയില്‍ ദേവസ്വം ബോർഡ് അധികൃതർക്ക് പങ്കുണ്ടോയെന്നും 2019-ലെ സ്വർണക്കൊള്ള മറച്ചുവെക്കാനാണോ 2025-ലും പോറ്റിക്ക് സ്വർണപ്പാളികള്‍ പുതുക്കാൻ നല്‍കിയതെന്നും അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചതോടെ ദേവസ്വം ഭരണസമിതിയും അന്വേഷണ പരിധിയിലായി.

അന്യസംസ്ഥാനങ്ങളിലെ ഗൂഢാലോചന; ക്രൈംബ്രാഞ്ചിന് വെല്ലുവിളി
സ്വർണക്കൊള്ളയുടെ ആസൂത്രണം നടന്നത് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സന്നിധാനത്ത് നിന്ന് കൊണ്ടുപോയ 14 ഭാഗങ്ങളായുള്ള സ്വർണപ്പാളികള്‍ ഈ സംസ്ഥാനങ്ങളിലെത്തിച്ച്‌ മുറിച്ച്‌ വിറ്റതായാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ. പങ്കജ് ഭണ്ഡാരിയുടെ മൊഴി പ്രകാരം, ഉണ്ണികൃഷണൻ പോറ്റി എത്തിച്ച പാളികളില്‍ നിന്ന് സ്വർണം നീക്കം ചെയ്തിട്ടുണ്ട്. കട്ടിളയുടെ പാളികള്‍ സ്വർണം പൂശിയ ശേഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയെന്നും മൊഴിയുണ്ട്. ഈ സ്വർണം കണ്ടെടുക്കുക അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോർഡ് ഭരണസമിതിക്ക് നേർക്ക് കോടതി
ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണം കവർന്ന കേസില്‍ ദേവസ്വം ബോർഡ് ഭരണസമിതിയെ ഹൈക്കോടതി പ്രതിചേർത്തിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പത്തിലെ കവർച്ചാക്കേസിലും ഭരണസമിതി പ്രതിയാകുമെന്നാണ് വിലയിരുത്തല്‍. ബോർഡിന്റെ മിനിട്ട്സ് ബുക്ക് പിടിച്ചെടുക്കാനും അതിന്റെ പകർപ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നല്‍കാനും കോടതി നിർദേശിച്ചു.

ദേവസ്വം ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം ബോർഡിനുണ്ടായിരിക്കണം. അതിനാല്‍ എല്ലാ കുറ്റങ്ങളും ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ബോർഡ് കുടുങ്ങുമെന്നുറപ്പായി.

ക്രമക്കേടുകള്‍ കണ്ടില്ലെന്ന് നടിച്ച്‌ ബോർഡ്; ലക്ഷ്യം തട്ടിപ്പ് മറച്ചുവെക്കാൻ
സ്വർണക്കൊള്ളയിലെ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കുന്നതോടെ വമ്പൻമാരായ ‘സ്രാവുകള്‍’ കുടുങ്ങുമെന്നാണ് സൂചന.കട്ടിളപ്പാളികളിലുണ്ടായിരുന്ന 409 ഗ്രാം സ്വർണം സൂക്ഷിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ അനുവദിക്കുകയും അത് തിരിച്ചുപിടിക്കാതിരിക്കുകയും ചെയ്തു.സ്വർണപ്പാളികള്‍ നല്‍കിയപ്പോള്‍ ചെമ്പുപാളികള്‍ എന്ന് രേഖപ്പെടുത്തുകയും, അതേ വ്യക്തിയെ തന്നെ വീണ്ടും സ്വർണം പൂശാൻ ഏല്‍പ്പിക്കുകയും ചെയ്തു.

2021-ല്‍ തിരികെ കൊണ്ടുവന്ന പീഠം തിരുവാഭരണം രജിസ്റ്ററില്‍ ഉള്‍പ്പെടുത്താതിരുന്നത് യാദൃശ്ചികമല്ല.2019-ല്‍ സ്വർണം പൂശിയതിന് 40 കൊല്ലം വാറന്റിയുണ്ടായിരിക്കെ, 2024-ല്‍ മങ്ങിത്തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി നടപടിക്രമങ്ങള്‍ പാലിക്കാതെ വീണ്ടും പോറ്റിയെത്തന്നെ ഏല്‍പ്പിച്ചു.സന്നിധാനത്ത് നിന്ന് കൊണ്ടുപോയ ദ്വാരപാലക ശില്‍പ്പങ്ങളിലെ പാളികള്‍ തന്നെയാണോ തിരികെ കൊണ്ടുവന്നത് എന്നതില്‍ കോടതിക്ക് സംശയമുണ്ട്. തൂക്കം നോക്കാത്തതിലും അത് മഹസറില്‍ രേഖപ്പെടുത്താതിലും ഉന്നതരായ ദേവസ്വം അധികൃതർക്ക് ഉത്തരവാദിത്തമുണ്ട്.

തട്ടിപ്പ് മറയ്ക്കാൻ വീണ്ടും തട്ടിപ്പ്
2019-ലെ സ്വർണത്തട്ടിപ്പ് മറച്ചുവെക്കാനായി സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യമായി ഏല്‍പ്പിക്കാൻ ദേവസ്വം അധികൃതർ ശ്രമിച്ചു. 2024 സെപ്തംബറില്‍, സ്ട്രോംഗ് റൂമിലുള്ള മറ്റൊരുകൂട്ടം ദ്വാരപാലക ശില്‍പ്പങ്ങള്‍ വിട്ടുനല്‍കിയാല്‍ അതിലെ സ്വർണം ഉപയോഗിച്ച്‌ ചെലവ് കുറയ്ക്കാമെന്ന് ബോർഡിനെ അറിയിച്ചത് ഈ തട്ടിപ്പ് മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്.

ദുരൂഹമായ ഇടപാടുകള്‍ നടന്ന സമയത്തെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും ഉത്തരവുകളും സംശയാസ്പദമാണ്. രേഖകളില്‍ തിരുത്തല്‍ വരുത്തി മേലുദ്യോഗസ്ഥരെ കബളിപ്പിച്ചോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്. കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്ബോള്‍, ശബരിമലയിലെ സ്വർണക്കൊള്ളയുടെ ആഴം പുറത്തുവരുമെന്നാണ് കരുതുന്നത്