
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ പ്രധാന ഇടനിലക്കാരനായ കല്‍പേഷ് രംഗത്ത് എത്തുന്നതില്‍ വന്‍ ദുരൂഹത.
ഇതുവരെ മറഞ്ഞിരുന്ന കല്‍പേഷാണ് പെട്ടെന്ന് പുറത്തേക്ക് വരുന്നത്. ഒരു ഘട്ടത്തില്‍ ഗോവര്‍ധനാണ് കല്‍പേഷ് എന്ന് പോലും സംശയം ഉയര്‍ന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയില്‍ ഗോവര്‍ധന് എത്തിച്ചുനല്‍കിയെന്നാണ് കല്‍പേഷിന്റെ വെളിപ്പെടുത്തല്‍.
രാജസ്ഥാന്‍ സ്വദേശിയായ കല്‍പേഷ് ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ്. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുത്ത സുഹൃത്താണ് കല്‍പേഷ് എന്നായിരുന്നു ധാരണ. ഇതിനൊപ്പം നാഗേഷ് എന്ന പേരും ചര്‍ച്ചകളില്‍ എത്തി. എന്നാല്‍ നാഗേഷ് എന്നൊരാളേ ഇല്ലെന്നാണ് കണ്ടെത്തല്‍. ഇതെല്ലാം ബംഗ്ലൂരുവിലെ വന്‍ സ്വര്‍ണ്ണ കട ഗ്രൂപ്പിനെ രക്ഷിക്കാനാണെന്ന സംശയം സജീവമാണ്. ഈ ഗ്രൂപ്പിലേക്ക് അന്വേഷണം എത്തിയിട്ടില്ല. ശബരിമലയില്‍ ഈ മുതലാളിക്ക് വേണ്ടിയും ഉണ്ണികൃഷ്ണന്‍ പോറ്റി പൂജകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മറ്റ് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ബംഗ്ലൂരുവിലെ ആലപ്പുഴയില്‍ വേരുകളുള്ള ശതകോടീശ്വരനായ സ്വര്‍ണ്ണ കടയിലേക്ക് അന്വേഷണം എത്തിക്കാന്‍ കഴിയുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് കല്‍പേഷും അവതരിപ്പിക്കുന്നത്. ഉടമയുടെ നിര്‍ദേശമനുസരിച്ച് താന്‍ പല സ്ഥലങ്ങളില്‍നിന്ന് സ്വര്‍ണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റു സ്ഥലങ്ങളില്‍ എത്തിക്കാറുണ്ടെന്നും കല്‍പേഷ് വെളിപ്പെടുത്തി. അതേസമയം സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇതുവരെ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് കല്‍പേഷ് പറയുന്നത്.
ചാനലുകളില്‍ നേരിട്ടെത്തിയാണ് കല്‍പേഷിന്റെ വെളിപ്പെടുത്തലുകള്‍. പോലീസ് ഇയാളുടെ മൊഴി എടുത്തോ എന്ന് ഇനിയും വ്യക്തതയില്ല. ഇതിനിടെയാണ് നാഗേഷ് എന്ന പേര് അബന്ധത്തില്‍ വന്നതാണെന്ന ചര്‍ച്ച സജീവമാകുന്നത്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറി ഉടമയ്ക്ക് എത്തിച്ചു നല്‍കിയെന്ന് കല്‍പേഷ് ജയിന്‍ സമ്മതിച്ചു. തന്റെ സ്ഥാപനവും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമയുമായുള്ള ബിസിനസ് ബന്ധത്തിന്റെ പേരിലാണ് സ്വര്‍ണം എത്തിച്ചു നല്‍കിയതെന്ന് കല്‍പേഷ് അവകാശപെട്ടു. ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കല്‍പേഷ് എന്ന പേര് ആദ്യമായി ഉയര്‍ന്നത്.
വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ ബാക്കിയുണ്ടായിരുന്ന 476 ഗ്രാം കല്‍പേഷ് ബെല്ലാരിയില്‍ എത്തിച്ചു നല്‍കിയെന്നായിരുന്നു പരാമര്‍ശം.
ജോലി ചെയ്യുന്ന ചെന്നൈ സൗകാര്‍പെട്ടിലുള്ള കാളികുണ്ടു ജ്വല്ലറിക്ക് ബെള്ളാരിയിലെ റോദ്ദം ജ്വല്ലറിയുമായി ഇടപാടുകളുണ്ട്. ഉടമയുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം കൊണ്ടുപോയതന്നാണ് ഇയാളുടെ അവകാശ വാദം. 35000 രൂപ ഇതിന് പ്രതിഫലം കിട്ടിയെന്നും കല്‍പേഷ് ജയിന്‍ സമ്മതിച്ചു. വെറുമൊരു ഒറ്റമുറി സ്ഥാപനമായ കാളികുണ്ടു ജ്വല്ലറിയും ബെല്ലാരിയിലെ പ്രമുഖ സ്വര്‍ണ ഇടപാടുകാരനും തമ്മില്‍ ബന്ധമുണ്ടെന്ന് അവകാശ പെടുന്നതും ദുരൂഹമാണ്. ഇതിനെല്ലാം പിന്നില്‍ സ്വര്‍ണ്ണ മാഫിയയുടെ ഇടപടെലുണ്ടെന്നാണ് സംശയം.
രാജസ്ഥാന്‍ സ്വദേശിയായ കല്‍പേഷ് എന്ന 31കാരന്‍ 2012 മുതല്‍ സ്വര്‍ണക്കടയില്‍ ജോലിനോക്കുകയാണ്. അതേ സമയം, ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പില്‍ സ്വര്‍ണവും സുപ്രധാന തെളിവും കണ്ടെത്തിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബംഗളൂരു കേന്ദ്രീകരിച്ച് പോറ്റി നടത്തിയ കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടിന്റെ രേഖകളും പിടിച്ചെടുത്തു.
പ്രത്യേക സംഘത്തിലെ ഒരു ടീം ബെല്ലാരിയിലെത്തി സ്വര്‍ണവ്യാപാരി ഗോവര്‍ധനെ ചോദ്യം ചെയ്തിരുന്നു. പോറ്റിയുമായി ഗോവര്‍ധന്‍ നടത്തിയ പണമിടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. മറ്റൊരു സംഘം ബംഗളൂരുവിലെ പോറ്റിയുടെ വീട്ടിലും പരിശോധന നടത്തി. വീട്ടില്‍ നിന്നാണ് 176 ഗ്രാം സ്വര്‍ണാഭരണങ്ങളും നാണയങ്ങളും കസ്റ്റഡിയിലെടുത്തത്. പോറ്റിയും സഹ സ്‌പോണ്‍സറായിരുന്ന രമേഷ് റാവുവും ഗോവര്‍ധനും അനന്തസുബ്രഹമണ്യവും ചേര്‍ന്ന് കെട്ടിടങ്ങളും ഭൂമിയും വാങ്ങി കൂട്ടിയതിന്റെ രേഖകളും പിടിച്ചെടുത്തു. ദ്വാരപാലക പാളികള്‍ കൊണ്ടുപോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.



