
തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ള കേസില്‍ എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ട ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്.
.രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. സ്വർണ കൊള്ളയില്‍ സ്മാർട്ട് ക്രിയേഷന് പങ്കെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.സ്മാർട്ട് ക്രിയേഷന്റെ സഹായത്തോടെയാണ് സ്വർണം വേർതിരിച്ചതെന്നും എസ്ഐടി അറസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതിനിടെ, കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു. എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നില്‍ വരുമെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. പൊലീസ് ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയില്‍ നിന്ന് ഇറക്കികൊണ്ടുവരുന്നതിനിടെയാണ് പ്രതികരണം. തന്നെ ആരൊക്കെയോ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബെംഗളൂരുവിലടക്കം അന്വേഷണ സംഘം കൊണ്ടുപോകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോറ്റിക്കുനേരെ ചെരുപ്പേറ്
കോടതിയില്‍ നിന്ന് പുറത്തിറക്കിയ ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ബിജെപി പ്രവര്ത്തകൻ ചെരുപ്പെറിഞ്ഞു. ബിജെപി പ്രാദേശിക നേതാവാണ് ചെരുപ്പെറിഞ്ഞത്. പത്തനംതിട്ട എആര്‍ ക്യാമ്ബിലേക്കാണ് പോറ്റിയെ കൊണ്ടുപോയത്. ഉച്ചഭക്ഷണത്തിനും ചോദ്യം ചെയ്യലിനുശേഷമായിരിക്കും തിരുവനന്തുരത്തേക്ക് കൊണ്ടുപോവുക.ശബരിമല സ്വർണക്കവർച്ച കേസില്‍ അറസ്റ്റിലായ സ്പോണ്സർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒക്ടോബര്‍ 30വരെയാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത് പത്തനംതിട്ട റാന്നി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി അന്വേഷണസംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
തുടർന്ന് കോടതി പോറ്റിയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അതിനിടയില്‍ അഭിഭാഷകനോട് സംസാരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 10 മിനിറ്റ് സമയം നല്കി. ശബരിമല സ്വർണ്ണക്കവർച്ച കേസിലെ ആദ്യ അറസ്റ്റാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്. ഇന്ന് പുലർച്ചെ 2.30നാണ് കേസിലെ ഒന്നാം പ്രതിയായ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.
ആരാണ് ഉണ്ണികൃഷ്ണൻ പോറ്റി?
തിരുവനന്തപുരം കിളിമാനൂർ പുളിമാത്താണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വദേശം. ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തില്‍ ജോലി ചെയ്ത പരിചയവുമായാണ് 2007ല്‍ ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയില്‍ എത്തുന്നത്.
കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് തുടക്കം. പിന്നീട് ഏതാനും വർഷങ്ങള്‍ക്കുള്ളില്‍ ദേവസ്വം ബോർഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി മാറുന്ന പോറ്റിയെയാണ് എല്ലാവരും കണ്ടത്.
കർണാടകയിലെ സമ്പന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വളർന്നു. യാതൊരു വരുമാനവും ഇല്ലെന്ന് വിജിലൻസ് കണ്ടെത്തിയ പോറ്റി ലക്ഷങ്ങളുടെ വഴിപാടും സംഭാവനയുമാണ് ശബരിമലയ്ക്ക് നല്‍കിയത്.