
കോട്ടയം: ആഗോള അയ്യപ്പ സംഗമം രാഷ്‌ട്രീയ വിജയമായി ആഘോഷിക്കാൻ സഖാക്കള്‍ മത്സരിക്കുമ്പോഴും സീസണില്‍ എത്തുന്ന അയ്യപ്പഭക്തർക്ക് ദുരിത വഴികള്‍ മാത്രമാണെന്ന് ബിജെപി നേതാവ് എൻ.
ഹരി. സന്നിധാനത്തേക്കുള്ള പ്രവേശന കവാടമായ എരുമേലിയില്‍ അതീവ ദയനീയമാണ് കാര്യങ്ങള്‍. അയ്യപ്പ ധർമ്മശാസ്താക്ഷേത്രത്തില്‍ നിർമ്മാണം എങ്ങും എത്തിയിട്ടില്ല.
നാലു വർഷം കഴിഞ്ഞിട്ടും പണികള്‍ പൂർത്തിയാവാത്തതിനെ തുടർന്ന് അയ്യപ്പഭക്തർക്ക് വിരി വെക്കാനോ വിശ്രമിക്കാനോ ഇടമില്ല. ആഗോള അയ്യപ്പ സംഗമത്തിനിടയിലെ സർക്കാരിന്റെ കാണാത്ത മാതൃകകളാണ് ഇതെല്ലാം.ഇടത്താവളങ്ങളിലെ സ്ഥിതി ഇതിലും മോശമാണ്. ഇക്കാര്യങ്ങളാണ് സർക്കാർ ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലാതെ ആളെ കൂട്ടിയുള്ള എസി സംഗമങ്ങള്‍ക്കല്ല.
അയ്യപ്പഭക്തർ എരുമേലിയില്‍ ബുദ്ധിമുട്ടുകയാണ്. മഴ നനഞ്ഞു ചെളികുണ്ടിലാണ് അയ്യപ്പഭക്തരും മാളികപ്പുറങ്ങളും ഒന്ന് വിശ്രമിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചതിന് തുടർന്ന് ഭക്തർ വിരിവച്ചിരുന്ന സ്ഥലങ്ങള്‍ ഓഫീസുകളാക്കി മാറ്റിയിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മൻചാണ്ടി സർക്കാർ വിശുദ്ധപാതയായി പ്രഖ്യാപിച്ച കൊച്ചമ്പലം മുതല്‍ വലിയമ്പലം വരെയുള്ള പാത ഒരു നവീകരണവും നടത്താതെ ചുവപ്പുനാടയിലാണ്. ശബരിമല തീർത്ഥാടന ദിനങ്ങളില്‍ അയ്യപ്പഭക്തർ നടന്നു പോകുമ്പോള്‍ വാഹനങ്ങള്‍ ഇടിച്ചു വീഴ്‌ത്തുന്നത് സാധാരണ സംഭവമാണ്. ചിറീ പാഞ്ഞു വരുന്ന വാഹനങ്ങള്‍ മാളികപ്പുറങ്ങളെയും കുഞ്ഞ് അയ്യപ്പന്മാരെയും ഇടിച്ചു വീഴ്‌ത്തുന്നു. നിരവധി പേരാണ് ഇങ്ങനെ ആശുപത്രികളില്‍ എത്തുന്നത്.
എരുമേലിയില്‍ സമാന്തര പാത ഉള്‍പ്പെടെ വിഭാവനം ചെയ്തുവെങ്കിലും ഒന്നും പ്രായോഗിക തലത്തില്‍ എത്തിയിട്ടില്ല. ഒരു പാലം പണി പൂർത്തിയായാല്‍ ബൈപ്പാസ് ഗതാഗതയോഗ്യമാകും. അതുപോലും വീണ്ടും നീണ്ടു പോവുകയാണ്. ഇതിനുപിന്നില്‍ കച്ചവട ലോബിയുടെ താല്പര്യം ആണെന്നാണ് പൊതുസംസാരം. സമാന്തരപാത നിർമ്മാണം അനിശ്ചിതമായി നീളുന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതാണ്.
ശബരിമലയിലെ അയ്യപ്പഭക്തർക്കുള്ള ആരോഗ്യ സുരക്ഷാസംവിധാനങ്ങള്‍ വൻ പരാജയമാണ്. പമ്പവരെയുള്ള പാതയില്‍ അപകടം സംഭവിച്ചാലും ഹൃദയാഘാതം ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ ഉയർന്നാലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യണം. ഇവിടെ എത്തുമ്പോഴേക്കും പലപ്പോഴും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ലക്ഷക്കണക്കിന് ഭക്തർ സംഗമിക്കുന്ന എരുമേലി പേട്ട തുള്ളല്‍ സമയത്ത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ കടന്നു വരാറുണ്ട്.
എരുമേലിയില്‍ സമഗ്ര ചികിത്സയ്‌ക്കുള്ള ഒരു സംവിധാനവുമില്ല. ഒട്ടും സൗകര്യങ്ങളില്ലാത്ത ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണ് ഇവിടെയുള്ളത്. സംഗമത്തിന് ആളെ കൂട്ടാൻ ശ്രമിച്ച സർക്കാർ അയ്യപ്പഭക്തരുടെ ജീവനെ തീർത്തുംഅവഗണിക്കുകയാണ്. തീർത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഭരണകർത്താക്കളുടെ വീമ്പിളക്കല്‍ മാത്രമായിരിക്കും ഫലത്തില്‍ ദൃശ്യമാകുന്നതെന്നും എൻ.ഹരി പറഞ്ഞു.