തിരക്കിലമർന്ന് കാനന പാതകൾ; തീർത്ഥാടകർക്ക് നിയന്ത്രണം;ശബരിമലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

Spread the love

ശബരിമല : പരമ്പരാഗത കാനന പാതകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ സത്രത്തിൽ നിന്ന് കടത്തിവിടു. കഴിഞ്ഞ ദിവസം വരെ ഒരു മണിവരെ പ്രവേശനം അനുവദിച്ചിരുന്നു.

video
play-sharp-fill

കഴിഞ്ഞ വർഷം ഉച്ചയ്ക്ക് രണ്ട് വരെ പ്രവേശനം ഉണ്ടായിരുന്നു. വൈകിട്ട് ആറ് മണിക്ക് മുമ്പ് ഭക്തർ സന്നിധാനത്ത് എത്തണം

. ഇരുട്ട് വീണു കഴിഞ്ഞാൽ അയ്യപ്പഭക്തരെ സന്നിധാനത്തെത്തിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടെയുണ്ടാകും. സത്രത്തിലെ ചെക്ക് പോയിന്റിൽ നിന്ന് കടത്തിവിട്ട ഭക്തരുടെ എണ്ണവും ടോക്കൻ നമ്പരുകളും ഒത്തുനോക്കി, പാതയിൽ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടി അവസാനിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി, കരിമല, വണ്ടിപ്പെരിയാർ പുൽമേട് വഴികളിലൂടെയാണ് തീർത്ഥാടകർ എത്തുന്നത്. എരുമേലി വഴി വരുന്ന തീർത്ഥാടകർ പേരൂർ തോട്, ഇരുമ്പൂന്നിക്കര, അരശുമുടികോട്ട, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാംതോട്, കരിമല വലിയാനവട്ടം, ചെറിയാനവട്ടം തുടങ്ങിയ പുണ്യസങ്കേതങ്ങൾ കടന്നാണ് പമ്പയിലൂടെ സന്നിധാനത്ത് എത്തുന്നത്.

കോട്ടയം – കുമളി ദേശീയപാത വഴി വണ്ടിപ്പെരിയാറിലെത്തുന്ന തീർത്ഥാടകർ വള്ളക്കടവ്, വണ്ടിപെരിയാർ, സത്രം, ഉപ്പുപാറ, പുല്ലുമേട് വഴി സന്നിധാനത്ത് എത്തും. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ പുല്ലുമേട് വഴിയും മലബാർ മേഖലയിലുള്ളവർ എരുമേലി, കരിമല വഴിയുമാണ് കൂടുതലായും സന്നിധാനത്ത് എത്തുന്നത്.

ആന, കടുവ, കാട്ടുപോത്ത് തുടങ്ങി നിരവധി വന്യജീവികളുടെ ആവാസമേഖലയാണ് സനിധാനത്തേക്കുള്ള ഈ പരമ്പരാഗത തീർത്ഥാടനപാതകൾ. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ഭക്തർക്ക് സുരക്ഷയൊരുക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പാതയിലുടനീളം കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര വൈദ്യസഹായത്തിനായി ഓഫ് റോഡ് ആംബുലൻസ് സേവനവും സജ്ജമാണ്.

അതേസമയം മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എ.ഡി.എം ഡോ.അരുൺ എസ്.നായർ അറിയിച്ചു.

ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ദിവസങ്ങളിൽ തന്നെ ഭക്തർ ദർശനത്തിനെത്താൻ ശ്രദ്ധിക്കണം.

ആരോഗ്യപ്രശ്നങ്ങളുള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, വൃദ്ധർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കൽ – പമ്പ റൂട്ട് വഴി സന്നിധാനത്തെത്തണമെന്ന് എ.ഡി.എം നിർദ്ദേശിച്ചു.

കാനനപാതയിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. നിലവിൽ വനപാലകരും അഗ്നിശമനസേനയും എൻ.ഡി.ആർ.എഫും ഏറെ പണിപ്പെട്ടാണ് കാനനപാതയിൽ അവശരാകുന്നവരെ ആശുപത്രികളിലേക്ക് മാറ്റുന്നത്.

ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണ്. ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ ദർശനം ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. മണ്ഡലവിളക്കുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തേണ്ട പ്രവർത്തനങ്ങളും യോഗം വിലയിരുത്തി