പ്രളയത്തിൽ കരകവിഞ്ഞ പമ്പയിൽ അയ്യപ്പ ഭക്തർക്ക് കാലുകഴുകാൻ പോലും വെള്ളമില്ല
സ്വന്തം ലേഖകൻ
പമ്പ: മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കുമ്പോൾ മുങ്ങി നിവരാൻ വെള്ളമില്ലാത്ത പമ്പാ നദിയാണ് ഭക്തരെ കാത്തിരിക്കുന്നത്. ഒഴുക്ക് കുറഞ്ഞ നദിയുടെ പലഭാഗത്തെയും ജലനിരപ്പ് കാൽമുട്ടിന് താഴെയാണ്. പ്രളയത്തിൽ തകർന്ന പമ്പയിലെ സ്നാനഘട്ടം പുനഃസ്ഥാപിക്കലും വൈകി.ത്രിവേണി പാലത്തിന് മുകളിൽ വരെ അടിഞ്ഞ മണ്ണ് നീക്കി പമ്പയുടെ ഗതി വീണ്ടെടുത്തിട്ടുണ്ട്. പുഴയുടെ ആഴം അഞ്ചടി വരെ കൂട്ടിയെങ്കിലും മണൽ ഒഴുകിയെത്തുന്നതിനാൽ അടിത്തട്ട് ഉയരുകയാണ്.
മണ്ഡലകാലത്തും ഹിറ്റാച്ചിയുപയോഗിച്ച് മണൽ നീക്കും. മണൽപ്പുറം നിരപ്പാക്കുന്നത് പൂർത്തിയാകാത്തതിനാൽ ജല അതോറിട്ടിയുടെ വാട്ടർ കിയോസ്‌കുകൾ സ്ഥാപിച്ചിട്ടില്ല. മണൽപ്പുറം നിരപ്പാകാത്തതിനാൽ മഴയത്ത് വെള്ളം ഗണപതി ക്ഷേത്രത്തിലേക്കുള്ള പടിയിലേക്കു കയറും. തുലാമാസ പൂജയ്ക്കിടെയുണ്ടായ ശക്തമായ മഴയിൽ മണൽപ്പുറം മുങ്ങിയിരുന്നു. വാട്ടർ അതോറിട്ടി വെള്ളമെടുക്കുന്നിടത്ത് അടിഞ്ഞ മണ്ണ് ഹിറ്റാച്ചി ഉപയോഗിച്ച് നീക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറാട്ടുകടവ് മുതൽ ത്രിവേണി വരെയുള്ള ഏഴിടത്ത് സ്നാനഘട്ടം നിർമ്മിക്കുന്നുണ്ട്. രണ്ടു മീറ്റർ ഉയരത്തിൽ മണൽച്ചാക്കടുക്കിയാണ് സ്നാനഘട്ടം ഒരുക്കുന്നത്. മന്ത്രി മാത്യു ടി. തോമസ് ഇന്നലെ പമ്പയും നിലയ്ക്കലും സന്ദർശിച്ചു. തടയണ നിർമ്മാണം വേഗത്തിലാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. പ്രളയത്തിൽ പമ്പയിലടിഞ്ഞ മണൽ നീക്കുന്ന ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡ് ആറും, ഇറിഗേഷൻ വകുപ്പ് ഒന്നും തടയണ നിർമ്മിക്കും.