
ശബരിമല: മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്നലെ നട തുറന്നപ്പോൾ ദർശനത്തിനെത്തിയത് അരലക്ഷം തീർത്ഥാടകർ. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി പകർന്നു.
ഇരുമുടിക്കെട്ടുമായി തിരുമുറ്റത്ത് കാത്തുനിന്ന പുതിയ മേൽശാന്തി ഇ.ഡി. പ്രസാദിനെയും മാളികപ്പുറം മേൽശാന്തി എം.ജി. മനു നമ്പൂതിരിയെയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു. ഇ.ഡി. പ്രസാദിനെ സോപാനത്ത് ഇരുത്തി തന്ത്രി കലശാഭിഷേകം നടത്തി. ശ്രീകോവിലിൽ അയ്യപ്പന് സമീപമിരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുത്തു.
മാളികപ്പുറത്ത് നടന്ന ചടങ്ങിൽ എം.ജി. മനു നമ്പൂതിരിയെ മേൽശാന്തിയായി അവരോധിച്ചു. എം.എൽ.എമാരായ കെ.യു. ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ അഡ്വ. പി.ഡി. സന്തോഷ്, അഡ്വ. കെ. രാജു, ദേവസ്വം കമ്മിഷണർ ബി. സുനിൽ കുമാർ, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി. ബിജു എന്നിവർ സന്നിഹിതരായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി നടയടച്ചശേഷം പുറപ്പെടാ ശാന്തിമാരായിരുന്ന അരുൺകുമാർ നമ്പൂതിരിയും ടി. വാസുദേവൻ നമ്പൂതിരിയും പതിനെട്ടാംപടി ഇറങ്ങി. ഇന്നലെ പ്രത്യേക പൂജകളുണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ 3ന് മണ്ഡലകാല പൂജകൾക്കായി പുതിയ മേൽശാന്തിമാർ ക്ഷേത്രനടകൾ തുറക്കും. ഡിസംബർ 27നാണ് മണ്ഡലപൂജ.
ഇന്നുമുതൽ വെർച്വൽ ക്യൂ വഴി 70,000 പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ 20,000 പേർക്കുമാണ് ദിവസവും ദർശനം അനുവദിക്കുക. പമ്പയിൽ തിരക്ക് നിയന്ത്രണാതീതമായതോടെ തീർത്ഥാടകരെ ഇന്നലെ രാവിലെ 11.30ന് മല ചവിട്ടാൻ അനുവദിച്ചു.
വൈകിട്ട് അഞ്ചിന് നട തുറന്നപ്പോൾ ഭക്തരുടെ കാത്തുനിൽപ്പ് മരക്കൂട്ടം വരെയെത്തി. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹനങ്ങൾക്ക് രാവിലെ 11 മുതൽ ഏതാനും മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തി. നിലയ്ക്കലിൽ സ്പോട് ബുക്കിംഗ് വൈകിയതും തീർത്ഥാടരെ വലച്ചു.




