
ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി. നടൻ ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്ന് ജയറാം വ്യക്തമാക്കി.
പോറ്റി നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴിയിലുണ്ട്. പോറ്റിയുടെ സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലായിരുന്നുവെന്നും ജയറാം അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതോടെ ജയറാം കേസിൽ സാക്ഷിയാകും.
താൻ അയ്യപ്പഭക്തനാണെന്ന് അറിയുന്നതുകൊണ്ട് ശബരിമലയിലെ സ്വർണപ്പാളികൾ വീട്ടിലെത്തിച്ച് പൂജിക്കാമെന്ന് പറഞ്ഞതും പോറ്റിയായിരുന്നുവെന്ന് ജയറാം നേരത്തെ പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടിളപ്പാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി വിളിച്ചപ്പോൾ പങ്കെടുത്തിരുന്നു. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു.
പൂജാ വിശ്വാസമല്ലാതെ യാതൊരു ബന്ധവുമില്ലെന്നാണ് ജയറാം വ്യക്തമാക്കിയത്.അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം അപഹരിച്ച കേസിൽ അറസ്റ്റിലായിരുന്ന മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എസ് ശ്രീകുമാറിന് ഇന്നലെ ജാമ്യം ലഭിച്ചു.
അറസ്റ്റിലായി 43–ാം ദിവസമാണ് ആറാം പ്രതിയായ ശ്രീകുമാറിന് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ശില്പപ്പാളികൾ കടത്തുന്നതിന് ദിവസങ്ങൾക്കു മുൻപാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ശ്രീകുമാർ ജോലിയിൽ പ്രവേശിച്ചതെന്നും കേസിനാസ്പദമായ രേഖയിൽ ഒപ്പുവച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണെന്നുമുള്ള പ്രതിഭാഗം വാദം കണക്കിലെടുത്താണ് ജാമ്യം.
കേസന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനു പിന്നാലെ ജയിൽ മോചിതനാകുന്ന രണ്ടാമത്തെ ആളാണ് ശ്രീകുമാർ.



