ശബരിമല സ്വർണാപഹരണ കേസ്: ദ്വാരപാലകശില്പങ്ങളുടെ താങ്ങു പീഠം കളവ് പോയതിന് ഇതുവരെ എഫ് ഐ ആർ വന്നിട്ടില്ല: ഈ വിഷയത്തില്‍ അന്വേഷണം വന്നാല്‍ 2019ലെ ഭരണ സമിതിയെ പോലെ എന്‍ വാസു അധ്യക്ഷനായ ബോര്‍ഡും പ്രതിക്കൂട്ടിലാകും.

Spread the love

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണ മോഷണം കണ്ടെത്തിയത് ഒരു ഫോട്ടോഗ്രാഫില്‍ നിന്നും. ഈ ഫോട്ടോയാണ് ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.

ദ്വാരപാലക ശില്‍പ്പത്തിലെ താങ്ങു പീഠം എങ്ങനെയാണ് നഷ്ടമായതെന്ന് തെളിഞ്ഞത് ഈ ഫോട്ടോയിലൂടെയാണ്. 19.07.2019നു 20.7.2019നും എടുത്ത ദ്വാരപാളികള്‍ ഇളക്കുന്ന സമയത്തെ ഫോട്ടോയാണ് നിര്‍ണ്ണായകമായത്. ഈ ഫോട്ടോയിലുള്ള ആളുകളെ കുറിച്ച്‌ സ്‌പോണ്‍സറായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ദേവസ്വം വിജിലന്‍സ് ചോദിച്ചു. അപ്പോഴാണ് വാസുദേവന്‍ എന്ന ആളിലേക്ക് സൂചന കിട്ടിയത്. ഇതോടെയാണ് ദേവസ്വം വിജിലന്‍സ് ബംഗ്ലൂരുവിലേക്ക് പോയത്. അവിടെ വച്ച്‌ വാസുദേവനെ ചോദ്യം ചെയ്തു.

അപ്പോഴാണ് താങ്ങുപീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടിലുണ്ടെന്ന് വ്യക്തമായത്. ആ ഫോട്ടോ ഇല്ലായിരുന്നുവെങ്കില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായിയായ വാസുദേവന്‍ പോറ്റിയെ അറിയുക പോലും ഉണ്ടായിരുന്നില്ല. താങ്ങു പീഠം കാണാനില്ലെന്ന ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമാണ് ശബരിമലയിലെ കൊള്ള പുറത്തെത്തിച്ചത്. വാസുദേവനിലേക്ക് വിരല്‍ ചൂണ്ടുന്ന ഫോട്ടോ പുറത്താകുമെന്ന് സ്വപ്‌നത്തില്‍ പോലും ഉണ്ണികൃഷ്ണന്‍ പോറ്റി കരുതിയിട്ടുണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദ്വാരപാലകശില്പങ്ങളുടെ താങ്ങുപീഠങ്ങള്‍ ഇളക്കിയതിലും ഇടപാടുകളിലും ഗുരുതര ചട്ടലംഘനം എന്ന് റിപ്പോര്‍ട്ട് ഉണ്ട് പുതിയ പീഠത്തിനായി മോള്‍ഡ് ഉണ്ടാക്കിയപ്പോഴും അത് പറ്റുമോയെന്ന് സ്ഥാപിച്ചുനോക്കിയപ്പോഴും മഹസര്‍പോലും തയ്യാറാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. താങ്ങു പീഠം കളവു പോയതില്‍ ഇനിയും എഫ് ഐ ആര്‍ വന്നിട്ടില്ല. ഇതിന് കാരണം 2021ലെ ദേവസ്വം ഭരണ സമിതിയെ രക്ഷിക്കാനാണെന്ന് സൂചനയുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം വന്നാല്‍ 2019ലെ ഭരണ സമിതിയെ പോലെ എന്‍ വാസു അധ്യക്ഷനായ ബോര്‍ഡും പ്രതിക്കൂട്ടിലാകും. ഇതൊഴിവാക്കാനാണ് താങ്ങു പീഠത്തിലേക്ക് അന്വേഷണം കടക്കാത്തത്. താങ്ങു പീഠം കണ്ടെത്തിയതാണ് ശബരിമലയിലെ വസ്തുതകള്‍ പുറത്തു വരുന്നതില്‍ നിര്‍ണ്ണായകമായത്.

2020ലും 2021-ലും നടന്ന ഗുരുതരചട്ടലംഘനങ്ങളില്‍ എന്‍. വാസു പ്രസിഡന്റായ അന്നത്തെ ബോര്‍ഡും സംശയനിഴലിലായി എന്നും വിശദീകരിക്കുന്നു. തന്റെ കാലത്ത് പാളികള്‍ സംബന്ധിച്ച ക്രമക്കേടുണ്ടായില്ലെന്ന വാസുവിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് വിജിലന്‍സ് രേഖ. 2020 ഡിസംബര്‍ 30-ലെ ബോര്‍ഡ് ഉത്തരവ് പ്രകാരം, പോറ്റി പുതിയ താങ്ങുപീഠം 2021 ജനുവരി ഒന്നിന് ശബരിമലയില്‍ എത്തിച്ച വിവരം ദേവസ്വംരേഖകളില്‍ ഇല്ല. താങ്ങുപീഠം മാറ്റി പുതിയത് വെക്കാന്‍ മഹസര്‍ വേണ്ടതായിരുന്നു. പുതിയ പീഠം ചേരാതെവന്നപ്പോള്‍ മടക്കിക്കൊടുത്തതും മഹസര്‍ തയ്യാറാക്കി രേഖപ്പെടുത്തേണ്ടതായിരുന്നു. തന്ത്രിയുടെ അനുമതി രണ്ടുസമയത്തും വാങ്ങിയതായി കാണുന്നില്ല. എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവരുടെ ഭാഗത്തും വീഴ്ചയുണ്ടായി.

ദ്വാരപാലകശില്പങ്ങളില്‍ സ്വര്‍ണംപൂശിയ ചെമ്പുപാളികള്‍ 2019 സെപ്റ്റംബര്‍ 11-ന് തിരികെസ്ഥാപിച്ചിരുന്നു. 2020-ല്‍ ഇവയുടെ താങ്ങുപീഠത്തില്‍ ചെമ്പ് തെളിഞ്ഞതിനാല്‍ പുതിയതുണ്ടാക്കി സ്വര്‍ണംപൂശി നല്‍കാമെന്ന് ഉണ്ണികൃഷ്ണന്‍പോറ്റി അപേക്ഷ നല്‍കി. 2020 ഡിസംബര്‍ 30-ന് ഇതിന് ബോര്‍ഡ് അനുമതി നല്‍കി. ഉണ്ണികൃഷ്ണന്‍പോറ്റി ഏര്‍പ്പാടാക്കിയ ശങ്കര്‍ എന്നയാള്‍ ശബരിമലയിലെത്തി താങ്ങുപീഠത്തില്‍ വാക്‌സ് പുരട്ടി മോള്‍ഡ് എടുത്തു. ഇതുപയോഗിച്ച്‌ താങ്ങുപീഠം ചെമ്പില്‍ പണിതു. അത് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച്‌ സ്വര്‍ണം പൂശി. പോറ്റിയുടെ സുഹൃത്ത് ഇതുവാങ്ങി 2021 ജനുവരി ഒന്നിന് ശബരിമലയില്‍ എത്തിച്ചു. അപ്പോള്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദായിരുന്നു. അന്ന് പോറ്റിയും സഹായി കോട്ടയം ഇളമ്പള്ളി സ്വദേശി സി.കെ. വാസുദേവനും പള്ളിക്കത്തോട്ടിലുള്ള കണ്ണനും സന്നിധാനത്ത് വന്നു.

ജനുവരി ഒന്നിന് രാത്രി നടയടച്ചശേഷം ഒരു സെറ്റ് താങ്ങുപീഠം ശ്രീകോവിലിനുമുന്നില്‍ കൊണ്ടുവന്നു. ശ്രീകോവിലിന് ഇടതുവശത്തെ ദ്വാരപാലകശില്പത്തിന്റെ താഴെയുള്ള പീഠം ഇളക്കി, പുതിയതുവെച്ചു. പക്ഷേ ചേര്‍ന്നില്ല. ഇതോടെ പുതിയ പീഠം വെക്കേണ്ടെന്ന് തീരുമാനിച്ചു. അത് ചാക്കില്‍പ്പൊതിഞ്ഞ് ട്രാക്ടറില്‍ പമ്പയില്‍ എത്തിച്ചു. അവിടെനിന്ന് വാസുദേവന്‍ ഇവ ഇളമ്പള്ളിയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.

2025 സെപ്റ്റംബറില്‍ ദ്വാരപാലകശില്പവിവാദം വന്നു. പീഠം കാണാനില്ലെന്നായിരുന്നു പോറ്റിയുടെ വാദം. വാസുദേവന്‍ പീഠത്തിന്റെ കാര്യം പോറ്റിയോട് ചോദിച്ചു. ‘ഞാന്‍ അത് മറന്നുപോയി, വാസുദേവന്റെ വീട്ടില്‍ അത് ഉണ്ടല്ലേ?”എന്നായിരുന്നു പോറ്റിയുടെ മറുപടി. താങ്ങുപീഠം വീട്ടില്‍ ഇരുന്നാല്‍ പ്രശ്‌നമാകുമെന്ന് കരുതി വാസുദേവന്‍ 2025 സെപ്റ്റംബര്‍ 13-ന് ഉണ്ണികൃഷ്ണന്‍പോറ്റിയുടെ വീട്ടിലെത്തിച്ചു. എന്തിനാണ് ഇവിടെ കൊണ്ടുവന്നത് എന്നായി പോറ്റി. പീഠം പോറ്റിയെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ വിരലടയാളം പതിയുമെന്ന് ഭയന്ന് വാസുദേവനെക്കൊണ്ട് പീഠം വീടിന്റെ മുകളിലെ അലമാരയില്‍ വെപ്പിച്ചു. സെപ്റ്റംബര്‍ 25-ന് അത് പോറ്റി വെഞ്ഞാറമൂട്ടിലുള്ള സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. സെപ്റ്റംബര്‍ 27-ന് സഹോദരി മിനിയുടെ വീട്ടില്‍നിന്ന് പീഠം വിജിലന്‍സ് പിടിച്ചെടുത്തു.