
കൊച്ചി: ശബരിമല ആക്ടിവിസം കാണിക്കാനുള്ള ഇടമല്ലെന്നും വിശ്വാസി സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുള്ളൂവെന്നും മന്ത്രി വി.എൻ.
വാസവൻ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വീകരിച്ച നിലപാട് ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവായ നിലപാടെടുത്ത് മുന്നോട്ട് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാൻ ഒരിടത്തും അവസരം നല്‍കിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും നിയമമന്ത്രിയും നേരത്തെ വ്യക്തമാക്കിയതുപോലെ വിശ്വാസികളെ കൂടെനിർത്തിയുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയില്‍ ആക്ടിവിസം നടപ്പാക്കേണ്ടതില്ലെന്ന കടകംപള്ളി സുരേന്ദ്രന്റെ മുൻ പ്രസ്താവനയെ ശരിവെച്ചുകൊണ്ടാണ് വാസവൻ സർക്കാരിന്റെ നിലപാട് ആവർത്തിച്ചത്.
ശബരിമല സന്നിധാനത്തെ സ്വർണ്ണം ഇളക്കിമാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി മറുപടി നല്കി. തന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ സന്നിധാനത്ത് നിന്ന് യാതൊന്നും നീക്കം ചെയ്യാൻ സാധിക്കില്ലെന്നത് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളില്‍ തന്ത്രിയ്ക്കുള്ള പരമാധികാരത്തെ മാനിക്കണമെന്നും ഇത്തരം കാര്യങ്ങള്‍ എല്ലാവരും മനസ്സിലാക്കി വെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



