ശബരിമലയിലെ സ്ത്രീ പ്രവേശനം: യുവമോർച്ചയുടെ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം; റോഡ് ഉപരോധിക്കാൻ ശ്രമിച്ച പത്തു പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ സർക്കാർ ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനത്തിൽ സംഘർഷം. പ്രകടനമായി എത്തിയ പ്രവർത്തകർ ദേവസ്വം മന്ത്രിയുടെ കോലം കത്തിക്കുന്നതിനായി റോഡ് ഉപരോധിച്ചു. പൊലീസുമായി ഉന്തുംതള്ളുമുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
ബുധനാഴ്ച രാവിലെ 11 മണിയോടെ തിരുനക്കരയിൽ നിന്നുമാണ് യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. തുടർന്ന് നഗരം ചുറ്റി പ്രകടനം ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ കോലം കത്തിക്കുന്നതിനായിരുന്നു പദ്ധതി. എന്നാൽ, കോലം കത്തിക്കുന്നതിനായി പ്രവർത്തകർ ഗാന്ധിസ്‌ക്വയറിൽ കെ.കെ റോഡ് ഉപരോധിക്കാൻ ശ്രമിച്ചു. റോഡ് ഉപരോധിക്കാനാവില്ലെന്ന് നിലപാട് എടുത്ത പൊലീസ്, പ്രവർത്തകരോട് റോഡിൽ നിന്നു പിന്നോട്ട് പോകാൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് നേതാക്കൾ അടക്കം ഇരുപതോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി.
യുവമോർച്ചാ ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ, ജനറൽ സെക്രട്ടറി വി.പി മുകേഷ്, ബി.ജെ.പി ജില്ലാ സെക്രട്ടറി സി.എൻ സുഭാഷ്, കുസുമാലയം ബാലകൃഷ്ണൻ, അരുൺ, കൊച്ചുമോൻ എന്നിവർ അടക്കമുള്ള ഇരുപത് പേരെയാണ് അറസ്റ്റ് ചെയ്തത്.