സന്നിധാനത്തേയ്ക്ക് യുവതികൾ എത്തി: എത്തിയത് കൊച്ചി, ആന്ധ്രസ്വദേശികളായ യുവതികൾ: ശരണംവിളി സമരം ശക്തമാക്കി അയ്യപ്പൻമാർ; വിശ്വാസികളുടെ വികാരം ഹനിക്കാൻ സർക്കാരിനു താല്പര്യമില്ലെന്ന് ഐജി
സ്വന്തം ലേഖകൻ
പമ്പ: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ പ്രവേശിക്കാൻ രണ്ട് യുവതികൾ പൊലീസ് സംരക്ഷണയിൽ എത്തി. പമ്പയിൽ നിന്നും ഇരുമുടിക്കെട്ടുമായി കൊച്ചി സ്വദേശിയായ യുവതിയും, ആന്ധ്രസ്വദേശിയായ മാധ്യമപ്രവർത്തകയായ യുവതിയുമാണ് സന്നിധാനത്തേയ്ക്ക് എത്തിയത്. പൊലീസിന്റെ ഹെൽമറ്റും, ഷീൽഡും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും ധരിച്ചാണ് രണ്ട് യുവതികളും സന്നിധാനത്ത് എത്തിയിരിക്കുന്നത്. സന്നിധാനത്തെ നടപ്പന്തലിൽ ശരണം വിളികളുമായി ഭക്തർ നിരന്നതോടെ പൊലീസും നിലപാടിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി വൈകിയാണ് രണ്ട് യുവതികളും പമ്പയിൽ എത്തിയത്. തുടർന്ന് ഇരുവരും രാത്രി തന്നെ സന്നിധാനത്തേയ്ക്കു മലകയറണമെന്ന് പൊലീസിനോടു അഭ്യർത്ഥിക്കുകയായിരുന്നു. എന്നാൽ, രാത്രി സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച പൊലീസ് സംഘം ആവശ്യമെങ്കിൽ വെള്ളിയാഴ്ച രാവിലെ സുരക്ഷ ഒരുക്കാമെന്ന നിലപാട് പൊലീസ് എടുത്തു. ഇതേ തുടർന്ന് രണ്ടു യുവതികളും പമ്പയിൽ തന്നെ തങ്ങി. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ ആറു മണിയോടെ തന്നെ രണ്ടു യുവതികളയും സന്നിധാനത്തേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. പൊലീസ് അകമ്പടിയിൽ പൊലീസുകാരുടെ ഇടയിലൂടെയാണ് യുവതികൾ സന്നിധാനത്തേയ്ക്ക് എത്തിയത്.
ഇവർ ഇവിടെ എത്തുന്നത് അറിഞ്ഞ് വലിയ നടപ്പന്തലിൽ അയ്യപ്പൻമാർ ശരണം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു. ഇതേ തുടർന്ന് ഐജി എസ്.ശ്രീജിത്ത്, സന്നിധാനം എസ്.പി വ.അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തി. എന്നാൽ, ഒരു കാരണവശാലും യുവതികളെ സന്നിധാനത്തേയ്ക്ക് കയറ്റിവിടില്ലെന്നായിരുന്നു നാമജപവുമായി നിലയുറപ്പിച്ച ഭക്തരുടെ നിലപാട്. ഇതിനിടെ ഐജി ശ്രീജിത്ത് ദേവസ്വം മന്ത്രിയും, ഡിജിപിയും, ആഭ്യന്തര സെക്രട്ടറിയുമായി ചർച്ച നടത്തി. സംഘർഷ സാധ്യതയുണ്ടെങ്കിൽ യുവതികളെ ശബരിമലയിലേയ്ക്ക് കയറ്റേണ്ടെന്നും, അയ്യപ്പൻമാരുമായി സംഘർഷമുണ്ടാക്കി യുവതികളെ കയറ്റേണ്ടെന്ന നിലപാട് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ സ്വീകരിച്ചതോടെ യുവതിയെ തിരികെ വിടാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. തുടർന്നു യുവതികളെ മലയിറക്കുകയായിരുന്നു.
ആക്ടിവ്സ്റ്റുകളായ യുവതികൾക്ക് കയറിയിറങ്ങാനുള്ള സ്ഥലമല്ല ശബരിമലയെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇവർക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല. വിശ്വാസികൾക്ക് സംരക്ഷണം കൊടുക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ശബരിമലയിലേയ്ക്ക് എത്തുന്ന യുവതികളുടെ പശ്ചാത്തലം പൊലീസ് മനസിലാക്കണം. ഇതിനു ശേഷം മാത്രമേ ഇവരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചു തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.