
ശബരിമല: ശബരിമല ഉത്സവത്തിനായി മാർച്ച് 22-ന് വൈകീട്ട് അഞ്ചുമണിക്ക് ക്ഷേത്രനട തുറക്കും. ഉത്സവകാലത്തെ ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. വെബ്സൈറ്റ്: www.sabarimalaonline.org
മാർച്ച് 23-ന് രാവിലെ 11.30-നും 12-നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറ്റും. മാർച്ച് 23 മുതൽ 31 വരെ ഉച്ചപ്പൂജയ്ക്കുശേഷം നടക്കുന്ന ഉത്സവബലിയും അത്താഴപ്പൂജ കഴിഞ്ഞുള്ള ശ്രീഭൂതബലിയുമാണ് പ്രധാന ചടങ്ങുകൾ. 31-നാണ് പള്ളിവേട്ട.
ക്ഷേത്രത്തിൽനിന്ന് രാത്രി എട്ടരയ്ക്ക് ശരംകുത്തിയിലേക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത് പുറപ്പെടും. വാദ്യമേളങ്ങളിലല്ലാതെയായിരിക്കും എഴുന്നള്ളത്ത്. ഒമ്പതിന് പള്ളിവേട്ടയ്ക്കുശേഷം ഒമ്പതരയോടെ വാദ്യമേളങ്ങളോടെയും തീവെട്ടികളുടെ ദീപപ്രഭയോടെയും എഴുന്നള്ളത്ത് തിരിച്ചത്തും. തുടർന്ന് പള്ളിക്കുറുപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്. അന്ന് രാവിലെ ഒമ്പതിന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. പമ്പാനദിയിലെ പ്രത്യേകം തയ്യാറാക്കുന്ന കടവിലാണ് 11 മണിക്ക് ആറാട്ട്. നാലുമണിയോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്.
നീലിമലയിലെ കടക്കാർ എഴുന്നള്ളത്തിനെ പറയിട്ട് സ്വീകരിക്കും. ക്ഷേത്രത്തിൽ വൈകീട്ട് ആറരയോടെ തിരിച്ചെത്തും. തുടർന്ന് ദീപാരാധന. രാത്രി ഒമ്പതിന് കൊടിയിറക്കുന്നതോടെ ഉത്സവം സമാപിക്കും. രാത്രി 10-ന് നട അടയ്ക്കും. കൊടിയേറ്റ് ദിവസം ഒഴിച്ച് എല്ലാദിവസവും നെയ്യഭിഷേകം രാവിലെ 5.30 മുതൽ ഏഴുമണിവരെ മാത്രമേ ഉണ്ടാകൂ.
രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവംവരെ ഉത്സബലി ഉള്ളതിനാലും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ പ്രത്യേക ക്രമീകരണങ്ങളുള്ളതിനാലുമാണ് നെയ്യഭിഷേകസമയം ചുരുക്കിയത്. ഉത്സവബലി നടക്കുന്നതിനാൽ രണ്ടാംഉത്സവം മുതൽ എട്ടാം ഉത്സവംവരെ രാവിലെ ഒമ്പതിനുശേഷം പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കില്ല.



