
തേർഡ് ഐ ബ്യൂറോ
പത്തനംതിട്ട : മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഞായറാഴ്ച തുറക്കും. വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും.
പിന്നേട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേൽശാന്തി അഗ്നി പകരും.തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. നിയുക്ത ശബരിമല മേൽശാന്തി വികെജയരാജ് പോറ്റിയുടെയും മാളികപ്പുറം മേൽശാന്തി എം എൻ.രജികുമാറിന്റെയും അഭിഷേക — അവരോധിക്കൽ ചടങ്ങുകളും നാളെ വൈകുന്നേരം നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല — മാളികപ്പുറം മേൽശാന്തിമാരെ നിലവിലെ മേൽശാന്തി എ.കെ .സുധീർ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും. പിന്നേട് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല മേൽശാന്തിയെ അയ്യപ്പന് മുന്നിൽ വച്ച് അഭിഷേകം നടത്തി അവരോധിക്കും.
ശേഷം തന്ത്രി മേൽശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി ,തിരുനട അടച്ച ശേഷം മേൽശാന്തിയുടെ കാതുകളിൽ അയ്യപ്പന്റെ മൂലമന്ത്രം ഓതി കൊടുക്കും.ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ വച്ച് മേൽശാന്തി എം.എൻ.രജികുമാറിനെയും അഭിഷേകം നടത്തി അവരോധിക്കും.
വിശ്ചികം ഒന്നായ തിങ്കളാഴ്ച പുലർച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വർഷത്തെ കർത്തവ്യം പൂർത്തിയാക്കിയ നിലവിലെ മേൽശാന്തി സുധീർ നമ്പൂതിരി 15 ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.16 ന് പുലർച്ചെ മുതൽ ഭക്തരെ മല കയറാൻ അനുവദിക്കും.
വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് 16 മുതൽ ദർശനത്തിനായി എത്തിച്ചേരുക .16 മുതൽ ഡിസംബർ 26 വരെയാണ് മണ്ഡല ഉൽസവ കാലം. മകരവിളക്ക് ഉൽസവത്തിനായി ക്ഷേത്ര തിരുനട 30.12.20ന് തുറക്കും.2021ജനുവരി 14 ന് ആണ് മകരവിളക്ക്.