“ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്! അന്വേഷണ ഉദ്യോഗസ്ഥന്‍റെ നടപടികളോട് യോജിക്കാനാവില്ല, എസ്‌ഐടിയുടെ നടപടി അംഗീകരിക്കാനുമാവില്ല” ; സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്‌ഐടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

Spread the love

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്‌ഐടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.

video
play-sharp-fill

ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍റെ നടപടികളോട് യോജിപ്പില്ലെന്നും എസ്‌ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജ്വല്ലറി വ്യാപാരി ഗോവര്‍ധൻ അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്‍പിയാണെന്നും, അതാണ് ആശുപത്രിയില്‍ പോയതെന്നും ജസ്റ്റിസ് ബദ്റുദ്ദീൻ തുറന്നടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം പ്രതികളുടെ ജാമ്യ ഹര്‍ജി വിധി പറയാനായി മാറ്റി. ശബരിമലയിലെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. കെപി ശങ്കരദാസ് ആശുപത്രിയില്‍ കിടക്കുന്ന ഫോട്ടോയടക്കം ഇന്ന് പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

ചെറിയ ഇരയെ ഇട്ട് വലിയ മീനിനെ പിടിക്കുകായണ് ലക്ഷ്യമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍, മുരാരി ബാബു എന്നീ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. നേരത്തെ എസ്‌ഐടിയുടെ നടപടിയെ വിമര്‍ശിച്ച അതേ ദേവസ്വം ബെഞ്ച് തന്നെയാണിപ്പോള്‍ വീണ്ടും ശങ്കരദാസിന്‍റെ അറസ്റ്റ് ഉണ്ടാകാത്തതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പത്മകുമാറിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒരുകാരണവശാലം ഒഴിയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏല്‍പ്പിക്കാനായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡെന്നും കോടതി ചോദിച്ചു.

ശബരിമലയിലെ ശ്രീകോവില്‍ വാതില്‍ സ്വർണ്ണം പൂശിയത് താനെന്നാണ് ഗോവര്‍ധൻ ജാമ്യാപേക്ഷയില്‍ വാദിച്ചത്. അതിന് 35 ലക്ഷം രൂപ ചെലവായെന്നും അയ്യപ്പഭക്തനാണ് താനെന്നും വാറണ്ടി രേഖകള്‍ തന്‍റെ പക്കലുണ്ടെന്നും ഗോവർദ്ധൻ വാദിച്ചു. ജാമ്യ ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

ശങ്കരദാസ് ആശുപത്രിയില്‍ ബോധമില്ലാത്ത അവസ്ഥയിലാണെന്ന് പ്രതിഭാഗം, ഇന്ന് കൊല്ലം പ്രിന്‍സിപ്പല്‍ കോടതിയില്‍ ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നു.

മെഡിക്കല്‍ ഐസിയുവില്‍ കിടക്കുന്ന ഫോട്ടോയടക്കം ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍, കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുന്നതിന് ജനുവരി 14ലേക്ക് മാറ്റിവെക്കുകയായിരുന്നു.

എസ്‌ഐടി ശേഖരിച്ച മെഡിക്കല്‍ രേഖകള്‍ 14 ആം തീയതി ഹാജരാക്കണമെന്നാണ് കോടതിയുടെ നിർദേശം.