സർക്കാരിന് വൈകിവന്ന വിവേകം : ശബരിമല വിധിയുടെ ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയെ അറിയിക്കുവാൻ തീരുമാനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിക്കുവാൻ തീരുമാനം. മുതിർന്ന അഭിഭാഷകരുമായി സർക്കാർ അഭിഭാഷകൻ കൂടിക്കാഴ്ച നടത്തി. വിധിക്കെതിരെ ചില രാഷ്ട്രീയപാർട്ടികളും സംഘടനകളും രംഗത്തുളളത് കോടതിയെ അറിയിക്കാനാണ് ശ്രമം. പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടും. പൊലീസ് കോടതിയെ നേരിട്ട് സമീപിക്കില്ല. ചീഫ് സെക്രട്ടറിയാകും ഹർജി നൽകുന്നത്. നേരത്തേ തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സാവകാശഹർജിയിലും ക്രമസമാധാനപ്രശ്‌നങ്ങൾ വ്യക്തമാക്കിയിരുന്നു. മുൻകാലങ്ങളെ അപേഷിച്ചു കുറവാണെങ്കിലും, ശബരിമലയിൽ തിങ്കളാഴ്ച ഈ മണ്ഡല കാലത്തെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടു. എരുമേലി മുതൽ സന്നിധാനം വരെ തീർത്ഥാടക വരവിനു ആക്കം കൂട്ടുന്നത് സംഘർഷങ്ങൾ കുറഞ്ഞെന്ന ശുഭവാർത്തയാണ്. ഭക്തരുടെ എണ്ണം കൂടിയതോടെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെഎസിആർടിസി സർവീസ് കൂട്ടി. ഇതര സംസ്ഥാനക്കാരായ തീർത്ഥാടകരുടെ എണ്ണം കൂടിയെങ്കിലും മലയാളികൾ കുറവാണ് .