
ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തമിഴ്‌നാട് സ്വദേശിയായ എസ്‌ഐയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 10,000 രൂപ കവര്‍ന്ന സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍.
മാളികപ്പുറം 15-ാം നമ്പര്‍ അരവണ കൗണ്ടറിലെ ജീവനക്കാരനായ മാവേലിക്കര കണ്ടിയൂര്‍ അറയ്ക്കല്‍ തെക്കതില്‍ ജിഷ്ണു സജികുമാറിനെയാണ് ദേവസ്വം വിജിലന്‍സ് പിടികൂടിയത്. ചെന്നൈയില്‍ നിന്നും ദര്‍ശനത്തിന് എത്തിയ എസ്‌ഐ വടിവേലിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു പിടിയിലായത്.
സന്നിധാനത്തെ കൗണ്ടറുകളില്‍ അപ്പം, അരവണ എന്നിവ നല്‍കുന്നത് ധനലക്ഷ്മി ബാങ്ക് നിയോഗിച്ചിട്ടുള്ള ഒരു സ്വകാര്യകമ്പനിയാണ്. അവരുടെ താത്കാലിക ജീവനക്കാരനാണ് ജിഷ്ണു. തമിഴ്നാട്ടില്‍ നിന്ന് ദര്‍ശനത്തിനെത്തിയ ചെന്നൈയിലെ എസ്‌ഐ വടിവേലിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് പണം തട്ടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വടിവേല്‍, 1460 രൂപയുടെ അപ്പം, അരവണ പ്രസാദം എന്നിവ വാങ്ങിയശേഷം, എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്യാന്‍ ജിഷ്ണുവിന് നല്‍കി. ഈ സമയം ജിഷ്ണു രഹസ്യ പിന്‍ നമ്പര്‍ മനസ്സിലാക്കി.
സൈ്വപ്പ് ചെയ്യാന്‍ നല്‍കിയ കാര്‍ഡിന് പകരം കൈയില്‍ കരുതിയ മറ്റൊരു കാര്‍ഡാണ് ഇയാള്‍ എസ് ഐക്ക് തിരിച്ചു നല്‍കിയത്. എസ്‌ഐ ഇത് അറിഞ്ഞതുമില്ല. ഇതറിയാതെ എസ് ഐയും സംഘവും ദര്‍ശനം കഴിഞ്ഞ് മടങ്ങി.
കുറച്ചുസമയം കഴിഞ്ഞപ്പോള്‍, ജിഷ്ണു മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയില്‍ നിന്ന് 10,000 രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ചെന്ന സന്ദേശം എസ്ഐയുടെ മൊബൈല്‍ ഫോണില്‍ ലഭിച്ചു. ഇദ്ദേഹം ബാങ്കിനെ വിവരം അറിയിച്ചു. ധനലക്ഷ്മി ബാങ്ക്, വിജിലന്‍സിന് പരാതി കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.




