ഭക്തരെ വഞ്ചിച്ച് റെയിൽവേയും; ശബരിമല സീസണിലും പ്രത്യേക ട്രെയിനുകൾക്ക് സ്റ്റോപ്പില്ല
സ്വന്തം ലേഖകൻ
തിരുവല്ല: ശബരിമല സീസണോടനുബന്ധിച്ച് ജില്ലയിലെ ഏക റെയിൽവേസ്റ്റേഷനായ തിരുവല്ലയോട് റെയിൽവേ മന്ത്രാലയത്തിന്റെ അവഗണന. മുൻ സർക്കാരിന്റെ കാലത്ത് ഏറെക്കുറെ എല്ലാ ട്രെയിനുകൾക്കും സീസണിൽ ഇവിടെ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിരുന്നു.
എന്നാൽ, ആഴ്ചയിലൊരിക്കൽ സർവീസ് നടത്തുന്ന നാല് ട്രെയിനുകൾക്ക് ശബരിമല സീസണുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഈമാസം 24 മുതൽ ജനുവരി 19 വരെയാണ് തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം -നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകൾക്കും 25 മുതൽ ജനുവരി 20 വരെ ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, 26 മുതൽ ജനുവരി 21 വരെ നിസാമുദ്ദീൻ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കുമാണ് സ്റ്റോപ്പ് ചെങ്ങന്നൂരിൽ അനുവദിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെതന്നെ എല്ലാ ട്രെയിനുകൾക്കും തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. നിസാമുദ്ദീൻ എക്സ്പ്രസ്, വിവേക് എക്സ്പ്രസ്, ഡറാഡൂൺ എക്സ്പ്രസ്, യശ്വന്തപൂർ എ.സി. എക്സ്പ്രസ്, കൊച്ചുവേളി -മുംബൈ സി.എസ്.ടി., ബാനസവാടി -കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് ഇപ്പോഴും ഇവിടെ സ്റ്റോപ്പില്ല. ഈ ട്രെയിനുകൾ ആഴ്ചയിൽ അങ്ങോട്ടും ഇങ്ങോട്ടുമായി 12 തവണ കടന്നുപോകുന്നു. ഏറ്റവുമൊടുവിലാണ് ഹംസഫർ ട്രെയിൻ അനുവദിച്ചത്. അതും തിരുവല്ലാക്കാർക്ക് സ്റ്റേഷനിൽകൂടി പോകുന്നത് കാണാനുള്ള ഭാഗ്യമേയുള്ളു.
സാധാരണ ശബരിമല സീസണിന് മുമ്പ് റെയിൽവേ ഡിവിഷണൽ മാനേജർ സ്റ്റേഷൻ സന്ദർശിക്കുകയും സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ അങ്ങനെയൊരു സംഭവംപോലും നടന്നിട്ടില്ല. സീസൺ ആരംഭിച്ചിട്ടും സ്റ്റേഷനിൽ എല്ലാം പഴയതുപോലെതന്നെ.
കാലങ്ങളായി തിരുവല്ലയോട് റെയിൽമന്ത്രാലയം അവഗണനയാണ് കാണിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കേണ്ടവർക്കാകട്ടെ നിസംഗതയും.