ശബരിമലയില്‍ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്; ലക്ഷ്യം മടക്കയാത്രയിലെ അപകടങ്ങള്‍ കുറയ്ക്കല്‍

Spread the love

തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്.

video
play-sharp-fill

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർ അപകടത്തില്‍പെടുന്നത് ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണിത്.

മലയിറങ്ങിയ ശേഷം ദീർഘദൂര യാത്രയും, വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രത്യേകം ഡ്രൈവറെ ഒപ്പം കൂട്ടുക, അല്ലെങ്കില്‍ ആവശ്യമായ ഉറക്കവും വിശ്രമവും എടുത്ത് യാത്ര തുടരുക, മടക്കയാത്ര ഇടവേളകയായി വിഭജിക്കുകയും ചെയ്യണമെന്നാണ് നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്തിയോടെ തുടങ്ങിയ യാത്ര സുരക്ഷയോടെ അവസാനിപ്പിക്കുക

കഠിനമായ വ്രതാനുഷ്‌ഠാനങ്ങളും ദീർഘമായ കാല്‍നടയാത്രയും കഴിഞ്ഞ് അയ്യപ്പദർശനം നേടി നിർവൃതിയോടെ ഓരോ ഭക്തനും മലയിറങ്ങുമ്പോള്‍, ശരീരവും മനസ്സും അതിയായ ക്ഷീണത്തിലായിരിക്കും. മലയിറങ്ങിയ ശേഷം ദീർഘദൂര യാത്രകള്‍ നടത്തുകയും, വിശ്രമമില്ലാതെ വാഹനം ഓടിക്കുകയും ചെയ്യുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകാൻ സാധ്യതയുള്ളതാണ്. ഉറക്കക്കുറവ്, ശരീരവേദന, മാനസിക ക്ഷീണം എന്നിവ ഡ്രൈവിങ്ങിനെ ബാധിക്കും.

മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യാവസ്ഥയിലായിരിക്കുമ്ബോള്‍ മാത്രമേ ഡ്രൈവിംഗ് നടത്താവൂ എന്നത് ഓരോ ഡ്രൈവറുടെയും പ്രധാന ഉത്തരവാദിത്തമാണ്. സ്വന്തം ജീവൻ മാത്രമല്ല, കൂടെ യാത്ര ചെയ്യുന്നവരുടെയും മറ്റ് വഴിയാത്രക്കാരുടെയും ജീവനും ഡ്രൈവറുടെ ജാഗ്രതയില്‍ ആശ്രയിച്ചിരിക്കുന്നു.

അതുകൊണ്ട് ഇത്തരം തീർത്ഥയാത്രകളില്‍

പ്രത്യേകം ഡ്രൈവറെ ഒപ്പം കൂട്ടുക, അല്ലെങ്കില്‍
ആവശ്യമായ വിശ്രമവും ഉറക്കവും എടുത്തതിന് ശേഷം മാത്രം യാത്ര തുടരുക
ആവശ്യമെങ്കില്‍ യാത്ര ഇടവേളകളായി വിഭജിക്കുക
കൂടെയുള്ളവരും യാത്ര മുഴുവൻ ഉറങ്ങാതെ ജാഗ്രതയോടെ ഡ്രൈവറോടൊപ്പം സജീവമായി ഇരിക്കണം. ഡ്രൈവറുമായി സംസാരിച്ച്‌ ജാഗ്രതയില്‍ നിലനിർത്തുക, ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ഉടൻ വിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുക, ഇത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. ഒരു നിമിഷത്തെ അശ്രദ്ധയും അമിത ആത്മവിശ്വാസവും വലിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കാം. ഭക്തിയോടെ തുടങ്ങിയ യാത്ര സുരക്ഷയോടെ അവസാനിപ്പിക്കുകയാണ് യഥാർത്ഥ അയ്യപ്പസ്മരണം.