
കോട്ടയം : മണ്ഡലകാലം ആരംഭിച്ചതോടെ ജില്ലയിലെ പാതകള്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു.
പക്ഷേ എന്തു സുരക്ഷയെന്ന് ചോദിച്ചാല്‍ അധികൃതർക്ക് ഉത്തരമില്ല. വളവുകളും, കുത്തിറക്കവും നിറഞ്ഞ റോഡുകളില്‍ ശ്രദ്ധയൊന്ന് പാളിയാല്‍ അപകടമുറപ്പ്.
മഴ കൂടി കനത്തതോടെ വാഹനങ്ങള്‍ നിയന്ത്രണം വിടുന്നത് പതിവായി. രണ്ട് ദിനങ്ങളിലായി നാല് അപകടങ്ങളാണ് ഉണ്ടായത്. കണമല, കണ്ണിമല, അട്ടിവളവ് എന്നിവയാണ് പ്രധാന അപകടമേഖലകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍പ്പെടുന്നത് ഏറെയും അന്യസംസ്ഥാന വാഹനങ്ങള്‍. ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവില്‍ നിയന്ത്രണംവിട്ട തീർത്ഥാടക വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടായി. എരുമേലി കുറുവാമൂഴി ജംഗ്ഷനില്‍ തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു.
പൊൻകുന്നം – എരുമേലി റോഡില്‍ കെ.വി.എം.എസ് ജംഗ്ഷന് സമീപം ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകരുടെ കാർ കാർ തലകീഴായി മറിഞ്ഞു. ഇന്നലെ കണമല അട്ടിവളവില്‍ തീർത്ഥാടക ബസ് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് കാരണം.
കാർണാടക മാണ്ട്യ ജില്ലയില്‍ നിന്നുള്ളവരായിരുന്നു ബസില്‍. പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 33 തീർത്ഥാടകരാണ് ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
തീർത്ഥാടന പാതയില്‍ ഗതാഗതവും തടസപ്പെട്ടു. മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് ബസ് റോഡില്‍ നിന്ന് നീക്കം ചെയ്തു.



