
കോട്ടയം (മുണ്ടക്കയം): മണ്ഡലകാലത്തിന്റെ ആരംഭദിനത്തിൽ ശബരിമല പാതയിൽ 5 അപകടങ്ങൾ, 11 പേർക്കു പരുക്ക്. അപകട കാരണമായത് ഇതര സംസ്ഥാന തീർഥാടക വാഹനങ്ങൾ. പരുക്കു ഗുരുതരമല്ല. തകർന്നത് 8 വാഹനങ്ങൾ.
മുണ്ടക്കയം – എരുമേലി ശബരിമല പാതയിലും ഹൈറേഞ്ച് പാതയിലും ഒരു കിലോമീറ്ററിനുള്ളിലാണ് 4 അപകടങ്ങൾ. എരുമേലിയിൽ കാർ വൈദ്യുതത്തൂണിൽ ഇടിച്ചെങ്കിലും വലിയ ദുരന്തം വഴിമാറി. കെകെ റോഡിൽ കാഞ്ഞിരപ്പള്ളിയിലും തീർഥാടക വാഹനം അപകടത്തിൽപെട്ടു.
ഡ്രൈവർമാർ ഉറങ്ങിയതും അമിത വേഗവുമാണ് അപകടകാരണം. മുണ്ടക്കയം– എരുമേലി റൂട്ടിൽ വളവും കയറ്റങ്ങളുമേറെയാണ്. ഇവിടെ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ നടപടിയില്ല. ഹൈറേഞ്ച് പാതയിൽ 35–ാം മൈലിനും
കുട്ടിക്കാനത്തിനു ഇടയിലും മുൻകരുതലുകളില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുൻപിലെ വളവിൽ തീർഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലും റിക്കവറി ലോറിയിലും ഇടിച്ച് അപകടം. ആർക്കും പരുക്കില്ല. തമിഴ്‌നാട് വെല്ലൂർ സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. വളവിൽ എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാറിൽ ഇടിക്കാതെ ബസ് വെട്ടിച്ചപ്പോൾ വൈദ്യുതത്തൂണിലും വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലും ഇടിക്കുകയായിരുന്നു. തീർഥാടകർ മറ്റൊരു വാഹനത്തിൽ പമ്പയിലേക്കു പോയി.
മുണ്ടക്കയം എരുമേലി റോഡിൽ അമരാവതി സിഎസ്ഐ പള്ളിക്ക് മുൻപിൽ, കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച വാൻ മതിലിൽ ഇടിച്ചു. ഡ്രൈവറെയും മുൻപിൽ ഇരുന്ന ആളെയും വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തു. വാഹനത്തിലുണ്ടായിരുന്ന 6 പേർക്കു പരുക്കേറ്റു.
അമരാവതിയിൽ അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കാനായി പോയ കാറിൽ കരിനിലത്തു വച്ച് കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാർ ഇടിച്ചു. പരുക്കേറ്റവരുമായി പോയ വള്ളിയാങ്കാവ് സ്വദേശിയുടെ കാറാണ് വീണ്ടും അപകടത്തിൽപെട്ടത്. പരുക്കേറ്റവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു.
ഹൈറേഞ്ച് പാതയിൽ മരുതുംമൂട് സമീപം ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാന സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് 2 കാറുകളിൽ ഇടിച്ച് ഒരാൾക്ക് പരുക്കേറ്റു. നിയന്ത്രണംവിട്ട കാർ ആരോഗ്യ വകുപ്പിന്റെ ജീപ്പിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.
എരുമേലി – ശബരിമല പാതയിൽ പ്രപ്പോസിൽ നിയന്ത്രണംവിട്ട തീർഥാടകവാഹനം വൈദ്യുതത്തൂണിൽ ഇടിച്ചു. വൈദ്യുത ലൈൻ കാറിനു മുകളിലേക്ക് വീണെങ്കിലും കറന്റ് പോയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തമിഴ്നാട് സ്വദേശികളായ കാറിലുണ്ടായിരുന്ന തീർഥാടകർ രക്ഷപ്പെട്ടു.



