ശബരിമല നവീകരണത്തിന്റെ പേരിൽ ആകെ തട്ടിപ്പ് ; റോഡ് പണിയിൽ വെട്ടിക്കുന്നത് കോടികൾ
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല റോഡ് നവീകരണത്തിന്റെ പേരിൽ അരങ്ങേറുന്നത് വ്യാപക പകൽക്കൊള്ള. റോഡ് പണിയിൽ വെട്ടിക്കുന്നത് കോടികൾ.കരാറുകാരുടെ തട്ടിപ്പിന് ഉദ്യോഗസ്ഥരുടെ ഒത്താശകൂടിയാകുന്നതോടെ ശബരിമല റോഡ് നവീകരണത്തിന്റെ പേരിൽ ഓരോവർഷവും അരങ്ങേറുന്നതു കോടികളുടെ അഴിമതിയാണ്.വെട്ടിപ്പിന് ഏറ്റവും പുതിയ ഉദാഹരണം 17 കോടി രൂപ ചെലവിട്ടു നിർമിച്ച മണ്ണാറകുളഞ്ഞി- ചെങ്ങറ 13 കിലോമീറ്റർ റോഡ്. എന്നാൽ ഉപയോഗിച്ചത് നിലവാരം കുറഞ്ഞ പാറമക്കും മെറ്റലും മാത്രമാണെന്നാണ് ആക്ഷേപം. 300 മീറ്റർ നീളവും 25 അടി ഉയരവുമുള്ള സംരക്ഷണ ഭിത്തി നിർമിച്ചത് റോഡ് വശങ്ങളിലെ പുറമ്പോക്കിൽനിന്നു പൊട്ടിച്ചെടുത്ത കാട്ടുകല്ല് ഉപയോഗിച്ചാണെന്നും പരാതിയുണ്ട്.പഴയ ടാറിങ് പൂർണമായും ഇളക്കി ഒരു കിലോമീറ്റർ അകലെ നിക്ഷേപിച്ച ശേഷമേ റോഡ് നിരപ്പാക്കലും ടാറിങ്ങും പാടുള്ളൂവെന്നാണ് എസ്റ്റിമേറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ ടാറിങ് ഇളക്കി റോഡിന്റെ ഓരത്ത് കൂട്ടിയിടുകയാണ് പതിവ്. തുടർന്ന് വശം കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായി പഴയ ടാർ നിരത്തി മുകളിൽ സിമെന്റ് ഇടും. ബിറ്റുമിൻ മെക്കാഡവും കോൺക്രീറ്റും 60 ഡിഗ്രി ചൂടാക്കിവേണം ഉപയോഗിക്കേണ്ടത്. വിദൂര പ്ലാന്റിൽനിന്നു നിർമാണ സ്ഥലത്തേക്ക് ടാർമിശ്രിതം എത്തിക്കുമ്‌ബോൾ നിശ്ചിതതാപം നിലനിർത്താൻ 90 ഡിഗ്രിവരെ ചൂടാക്കും. ഇതുമൂലം ടാറിൽ കരിയുടെ അംശം കൂടും. ഇതോടെ മെറ്റലിനുള്ളിലേക്ക് ടാർ ഉരുകി ഇറങ്ങാനുള്ള സാധ്യതയും കുറയുന്നു.