
പത്തനംതിട്ട: ശബരിമലയില്‍ ഇന്നും വൻ ഭക്തജനത്തിരക്ക്.
ദർശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തർ കാത്തുനിന്നത്. ഒരു മിനിറ്റില്‍ 65 പേർ വരെയാണ് പടി കയറുന്നത്.
ശബരിമലയില്‍ ഇന്നുമുതല്‍ പ്രതിദിനം 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം. സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ അയ്യായിരമായി ചുരുക്കി. വിർച്വല്‍ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ദർശനം നടത്തിയത് 80,615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു. കുടിവെള്ള വിതരണത്തില്‍ അടക്കം പരാതി ഉയർന്നിരുന്നു.
ശബരിമലയില്‍ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം എഴുപത്തി അയ്യായിരമായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്പോട്ട് ബുക്കിംഗ് അയ്യായിരമാക്കി കുറക്കണമെന്നും വെർച്വല്‍ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു.
കേസ് ഇന്ന് പരിഗണിച്ച കോടതി ഒരുക്കങ്ങള്‍ ആറ് മാസങ്ങള്‍ക്ക് മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നു എന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും ബോർഡിനോട് ചോദിച്ചു.
സന്നിധാനത്ത് ഇന്നലെ കൈവിട്ട് പോയ ഏകോപനം. മണ്ഡലം മകരവിളക്ക് സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് ചോദിച്ച കോടതി സ്പോട്ട് ബുക്കിംഗും വെർച്വല്‍ ക്യു ബുക്കിംഗും കർശനമായി നടപ്പാക്കാൻ നിർദ്ദേശം നല്‍കി. സ്പോട്ട് ബുക്കിംഗ് 5,000 പേർക്കായി ചുരുക്കി. ഇന്നലെ 20,000 പേർ വരെയാണ് സ്പോട്ട് ബുക്കിംഗ് വഴി മലകയറിയത്. വെർച്വല്‍ ബുക്കിംഗിലും ഇനി വിട്ട് വീഴ്ച പാടില്ല. ഷെഡ്യൂള്‍ സമയത്തിന് 6മണിക്കൂർ മുൻപും 18മണിക്കൂറിന് ശേഷവും മാത്രമാകും അനുമതി.



