
തിരുവനന്തപുരം: ശബരിമല മണ്ഡലകാലം തുടങ്ങി 24 മണിക്കൂർ തികയുന്നതിനു മുൻപു തന്നെ സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പതിനഞ്ചും ഇരുപതും മണിക്കൂറുകള്‍ കാത്തു നിന്ന ശേഷവും ദർശനം കിട്ടാതെ നൂറുകണക്കിനു തീർഥാടകരാണു മടങ്ങിപ്പോകുന്നത്. കാനന പാതയിലൊരിടത്തും ഇവർക്കു പ്രാഥമിക സൗകര്യങ്ങള്‍ പോലും ഒരുക്കിയില്ല.
ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നു പുതുതായി ചുമതലയേറ്റ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പോലും തുറന്നു സമ്മതിച്ചത് സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് ചെന്നിത്തല പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയില്‍ തീർഥാടകരല്ല സർക്കാരിനു പ്രധാനമെന്നു വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു, ഭക്തരുടെ കാണിക്കയിലും സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സർക്കാരിനു കണ്ണ്. സ്വർണക്കൊള്ളയില്‍ വശംകെട്ടു പോയ ദേവസ്വം ബോർഡും സർക്കാരും ഈ തീർഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല.
സാധാരണ നിലയില്‍ കേന്ദ്ര സേനയുടെ സേവനം ശബരിമലയില്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തവണ അതുപോലുമുണ്ടായില്ല. ഒരു ലക്ഷത്തിലധികം ഭക്തർ വെർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാൻ ആവശ്യമായ പൊലീസ് സംവിധാനം സർക്കാർ ഒരുക്കിയില്ല.




