
കോട്ടയം: ശബരി റെയില്‍വേ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലാ കളക്‌ടര്‍മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. അങ്കമാലി -ശബരി റെയില്‍വേ ത്രികക്ഷി കരാറിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.മന്ത്രിസഭാ യോഗത്തില്‍ അങ്കമാലി-ശബരി റെയില്‍വേ ത്രികക്ഷി കരാര്‍ ചര്‍ച്ച ചെയ്യാനുള്ള കാബിനറ്റ് നോട്ടും തയാറാക്കിയിട്ടില്ല. റെയില്‍വേ ആവശ്യപ്പെടുമ്പോള്‍ പാതിച്ചെലവ് ഗഡുക്കളായി നല്‍കാമെന്ന് കേന്ദ്രവും സംസ്ഥാനവും റിസര്‍വ് ബാങ്കുമായാണ് കരാര്‍ ഒപ്പിടേണ്ടത്.
കഴിഞ്ഞ ഒക്ടോബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന റെയില്‍വേ മന്ത്രി അബ്ദുള്‍ റഹ്മാനും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയപ്പോള്‍ മഹാരാഷ്‌ട്ര മാതൃകയില്‍ ത്രികക്ഷി കരാറില്‍ ഏര്‍പ്പെട്ട് അങ്കമാലി-ശബരി റെയില്‍വേ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി കേരളത്തില്‍ വന്നപ്പോള്‍ മഹാരാഷ്‌ട്ര മാതൃകയിലുള്ള ത്രികക്ഷി കരാറില്‍ മാതൃക ലഭ്യമാക്കുമെന്നും പദ്ധതി നിര്‍മാണം പുനരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി നവംബര്‍ 13നു കരാറിന്‍റെ മാതൃക റെയില്‍വേ സംസ്ഥാന സര്‍ക്കാരിനു നല്‍കിയെങ്കിലും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാനുള്ള കാബിനറ്റ് നോട്ട് തയാറാക്കാനുള്ള നടപടി പോലും ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല.
പദ്ധതിക്കായി ആകെ ചെലവാകുന്ന 3800.94 കോടി രൂപയില്‍ 1900.47 കോടി രൂപയാണ് കേരളം മുടക്കേണ്ടത്. അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഗഡുക്കളായി റെയില്‍വേയ്ക്ക് തുക നല്‍കിയാല്‍ മതി. തവണകളായി ബജറ്റില്‍ പണം മാറ്റിവയ്ക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡും അനുമതി നല്‍കിയിട്ടുണ്ട്. എന്നിട്ടും ത്രികക്ഷി കരാറില്‍ ഒപ്പിടാതെ കേരളം ഉഴപ്പുകയാണ്. ശബരി റെയില്‍പാതയ്ക്കു സ്ഥലം ഏറ്റെടുക്കാന്‍ 282 കോടി രൂപ നല്‍കിയിട്ടും സ്ഥലം ഏറ്റെടുക്കാത്തതിനെക്കുറിച്ച് റെയില്‍വേ മന്ത്രി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് റെയില്‍വേ മന്ത്രി ലോക്‌സഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതി ചെലവിന്‍റെ പകുതി കേരളം വഹിക്കണമെന്നാണ് റെയില്‍വേയുടെ ആവശ്യം. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കിയാല്‍ ഇതിനു സമ്മതമാണെന്നാണ് കേരളത്തിന്‍റെ വാദം. കടമെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം കോടതിയിലായതിനാല്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാകാന്‍ സാധ്യത കുറവാണ്. കിഫ്ബിയില്‍നിന്നു കടമെടുക്കാന്‍ കേരളം ആദ്യം ആലോചിച്ചെങ്കിലും ഇത് കടമെടുപ്പ് പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും കേന്ദ്രം തള്ളി. കഴിഞ്ഞ ബജറ്റിലും 100 കോടി രൂപ നീക്കിവച്ചിരുന്നെങ്കിലും 2019 ല്‍ മരവിപ്പിച്ച പദ്ധതിയായതിനാല്‍ വിനിയോഗിക്കാനാവാത്ത സ്ഥിതിയാണ്.
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാന്‍ കുന്നത്തുനാട് താലൂക്കില്‍ 2019 ല്‍ സാമൂഹികാഘാത പഠനം നടത്തി റിപ്പോര്‍ട്ടില്‍ ഹിയറിംഗ് വരെ കഴിഞ്ഞതാണ്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് ഉണ്ടായെങ്കിലും ഹിയറിംഗ് നടത്തിയിട്ടില്ല. പാതയ്ക്കായി കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്‍പ്പെടെ കല്ലിട്ടു തിരിച്ചിട്ട് 25 വര്‍ഷം പിന്നിട്ടും. കല്ലിട്ട് സ്ഥലം വില്‍ക്കാന്‍ ഉടമകള്‍ക്ക് സാധിക്കുന്നില്ല. സ്ഥലംഈടുവച്ച് ബാങ്ക് ലോണും കിട്ടില്ല. സ്ഥല ഉടമകള്‍ വര്‍ഷങ്ങളായി വലിയ പ്രതിസന്ധിയിലാണ്.