
ശബരിമല: പുല്ലുമേട് – സന്നിധാനം കാനനപാതയിൽ വനത്തിനുള്ളിൽ കുടുങ്ങിയ മാളികപ്പുറങ്ങളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.
തിരുവനന്തപുരം വെഞ്ഞാറമൂട് നിന്നും ശബരിമല ദർശനത്തിനായി എത്തിയ തീർഥാടക സംഘത്തോടൊപ്പം ഉണ്ടായിരുന്ന രാധ (58) , ശാന്ത (60) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
തീർഥാടക സംഘത്തോടൊപ്പം സന്നിധാനത്തേക്ക് വരികയായിരുന്ന ഇരുവരും ശാരീരിക അവശതയെ തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഇവർക്കൊപ്പം എത്തിയ സംഘാംഗങ്ങൾ പാണ്ടിത്താവളത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് അഗ്നി രക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിൽ സന്നിധാനത്തുനിന്ന് രണ്ട് കിലോമീറ്റർ മാറി ഓടംപ്ലാവിൽ കണ്ടെത്തുകയായിരുന്നു. സ്ട്രക്ചറിൽ സന്നിധാനത്ത് എത്തിച്ച ഇരുവരെയും സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശക്തമായ മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അടച്ചിട്ടിരുന്ന കാനനപാത ബുധനാഴ്ച രാവിലെയോടെയാണ് വീണ്ടും തുറന്നു കൊടുത്തത്.



