play-sharp-fill
ഒരുക്കങ്ങൾ ഇഴയുന്നു ; ഇത്തവണയും ശബരിമല തീർത്ഥാടകർ എത്തേണ്ടത് അസൗകര്യങ്ങളുടെ നടുവിലേക്ക്

ഒരുക്കങ്ങൾ ഇഴയുന്നു ; ഇത്തവണയും ശബരിമല തീർത്ഥാടകർ എത്തേണ്ടത് അസൗകര്യങ്ങളുടെ നടുവിലേക്ക്

സ്വന്തം ലേഖിക

ശബരിമല: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ കഴിഞ്ഞവർഷം പ്രളയത്തിൽ മുങ്ങിയ പമ്പയിൽ ഇക്കുറിയും വലിയ മാറ്റങ്ങളൊന്നുമില്ല. മണൽ കയറി നികന്ന പമ്പയാറിനെ പൂർവ സ്ഥിതിയിലെത്തിക്കാൻ വർഷം ഒന്ന് കഴിഞ്ഞിട്ടും നടപടികൾ എങ്ങുമെത്തിയില്ല. പമ്പയാറിനെ പൂർവ്വ സ്ഥിതിയിലാക്കൻ മൈനർ ഇറിഗേഷൻ വകുപ്പിനാണ് ചുമതല. എന്നാൽ ഇതുവരെ വെള്ളം തടഞ്ഞുനിറുത്തുന്നതിനുള്ള തടയണകളുടെ നിർമ്മാണം ആരംഭിച്ചിട്ടേയുള്ളു. കഴിഞ്ഞ പ്രളയത്തിൽ
നദിയോട് ചേർന്ന് റോഡിന്റെ ഭാഗത്തെ സംരക്ഷണഭിത്തി തകർന്ന് പോയത് കഴിഞ്ഞ സീസണിൽ മണൽചാക്ക് അടുക്കിയാണ് സംരക്ഷിച്ചത്. ഈ സ്ഥാനത്ത് 284 മീറ്റർ നീളത്തിലും 7 മീറ്റർ ഉയരത്തിലും ചരിച്ച് നിർമ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ നിർമ്മാണം സീസണ് മുൻപ് പൂർത്തീകരിക്കുന്നതിനുള്ള പണികളും ഇഴഞ്ഞിഴഞ്ഞ് നീങ്ങിയശേഷം ഇപ്പോൾ ദ്രുതഗതിയിൽ നടത്തിവരികയാണ്. ഇതിനുപുറമേ നദിയുടെ ആഴം വർദ്ധിപ്പിക്കാനുള്ള പദ്ധതി ഉരുളൻ കല്ലുകൾ വന്നടിഞ്ഞതിനെ തുടർന്ന് ഇതും നടപ്പായില്ല. 1.3 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയാറാക്കിയിരുന്നത്.

മണൽ കയറി കുന്നുകൂടി വികൃതമായ മണപ്പുറം ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. ഇതിന്റെ ഭാഗമായി നദിയിലേക്കുള്ള പടിക്കെട്ടുകളുടെ എണ്ണം 6ൽ നിന്ന് 13 ആക്കി ഉയർത്തിയാണ് മണപ്പുറം നിരപ്പാക്കിയത്. പമ്പയിൽ സ്ത്രീകൾക്കായി 64 മുറികളുള്ള പുതിയ ടോയ്‌ലെറ്റ് ബ്ലോക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. നിലവിൽ മൂന്ന് ബ്ലോക്കുകളിലായി ഉണ്ടായിരുന്ന 279 ടോയ്‌ലെറ്റുകളുടെ അറ്റകുറ്റപ്പണികളും പൂർത്തയാക്കി. ത്രിവേണി കൊച്ചു പാലം മുതൽ ഗണപതി ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ട് വരെ താത്കാലിക നടപ്പന്തലും ത്രിവേണി വലിയ പാലം മുതൽ കൊച്ചു പാലം വരെ നദിക്കരയിൽ താത്കാലിക വിരിഷെഡും നിർമ്മിക്കുന്നതിന് ഇ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും ക്വട്ടേഷൻ നൽകാതിരുന്നതിനാൽ ആ പണികളും അനിശ്ചിതത്വത്തിലായി. പ്രളയത്തിൽ തകർന്ന ആറാട്ടുകടവ് പുനർനിർമ്മാണവും ഇതുവരെ നടപ്പായില്ല. ഫലത്തിൽ പമ്പയിൽ ഇക്കുറിയും തീർത്ഥാടകർ എത്തുന്നത് അസൗകര്യങ്ങളുടെ നടുവിലേക്കാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പമ്പയുടെ സ്ഥിതി തന്നെയാണ് സന്നിധാനത്തും. എന്നിട്ടും ഒരുക്കങ്ങൾ എങ്ങുമെത്തിയില്ല. പോയ വർഷത്തെ അപേക്ഷിച്ച് പുതിയ ഒരു നിർമ്മാണ പ്രവർത്തനങ്ങളും സന്നിധാനത്ത് നടത്തിയിട്ടില്ല. ആകെ നടന്നത് മാളികപ്പുറത്തെ ദുർബലമായ, മേൽശാന്തി മഠത്തിന്റെ പുനർനിർമ്മാണമാണ്. വർഷങ്ങളായി ചോർന്നൊലിക്കുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റി ആറ് മുറികളോടെ രണ്ട് നിലകളിലായി നിർമ്മിക്കുന്ന മേൽശാന്തി മഠം സീസണ് മുന്നോടിയായി പൂർത്തീകരിക്കുന്നതിനുള്ള തകൃതിയായ നീക്കമാണ് നടക്കുന്നത്.

ശ്രീകോവിൽ പരിസരം വിട്ട് മാളികപ്പുറം മേൽശാന്തി കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി പിൽഗ്രിം സെന്ററിന്റെ മുറിയിലാണ് കഴിയുന്നത്. നിശ്ചിത സമയത്ത് കരാർ ഉറപ്പിക്കാതെ വന്നതാണ് അവസാന ഘട്ടത്തിൽ നിർമ്മാണം വേഗത്തിലാക്കേണ്ട അവസ്ഥ വന്നത്. മുൻ വർഷങ്ങളിൽ സന്നിധാനത്തെ കെട്ടിടങ്ങൾ പെയിന്റ് ചെയ്ത് വൃത്തിയാക്കുന്ന നടപടികൾ സീസൺ തുടങ്ങുന്നതിന് പതിനഞ്ച് ദിവസം മുന്നേ പൂർത്തിയാക്കുമായിരുന്നു. എന്നാൽ, ഇക്കുറി പെയിന്റിംഗ് ആരംഭിച്ചതേയുള്ളു. സീസൺ തുടങ്ങുന്നതിന് മുമ്പ് ഈ പ്രവൃത്തിയും വെറും കാട്ടിക്കൂട്ടലിൽ ഒതുങ്ങും. സന്നിധാനത്തെ ടോയ്‌ലെറ്റ് ബ്‌ളോക്കുകളുടെ പുനരുദ്ധാരണം മാത്രമാണ് ഇക്കുറി പൂർത്തിയായിട്ടുള്ളത്. യുവതീ പ്രവേശന വിഷയത്തോടെ പൊലീസ് കൈയേറിയ വലിയ നടപ്പന്തലിൽ ഇക്കുറി വിരി വയ്ക്കാനാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. സന്നിധാനത്ത് പുതിയ നടപ്പന്തലുകളോ വിരിവയ്ക്കാനുള്ള ഇടമോ ഇല്ലാതായതോടെ മലമുകലിൽ ദർശനത്തിന് എത്തുന്ന ഭക്തർ ബുദ്ധിമുട്ടുമെന്നതിൽ സംശയമില്ല.