ഏഴു വയസുകാരനെ തുമ്പിക്കയ്യിൽ കോർത്തെടുത്തു മാറ്റി: മുന്നിൽ കരഞ്ഞ് നിലവിളിച്ച് നിന്ന കുഞ്ഞിനെ കൊമ്പൻ ഒന്നും ചെയ്തില്ല; കുട്ടിയുടെ മുന്നിൽ വച്ച് അച്ഛനെ ചവിട്ടിക്കൊന്ന് കാട്ടുകൊമ്പന്റെ കൊലവിളി; മുണ്ടക്കയത്ത് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അയ്യപ്പഭക്തൻ തമിഴ്‌നാട് സ്വദേശി
സ്വന്തം ലേഖകൻ
മുണ്ടക്കയം: മകനെയും തോളിലേറ്റി 30 അംഗ സംഘത്തിനൊപ്പം കാനന പാതയിലൂടെ നടന്നു പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തനെ കാട്ടാന ചവിട്ടിക്കൊന്നു. ആനയെ കണ്ട് ഭയന്നോടിയ അയ്യപ്പഭക്തന്റെ ശരീരത്തിൽ നിന്നും ഏഴുവയസുകാരനെ എടുത്ത് മാറ്റി നിർത്തിയ ശേഷമാണ് കാട്ടാന ഇയാളെ ചവിട്ടിക്കൊന്നത്. അച്ഛനെ ചവിട്ടിക്കൊല്ലുന്നത് കണ്ട് ഭയന്ന് നിലവിളിച്ച് നിന്ന കുട്ടിയെ കൊമ്പൻ ഒന്നും ചെയ്യാതെ മടങ്ങിപ്പോയി. തമിഴ്‌നാട് സേലം സ്വദേശി പരമശിവത്തെയാണ് (35) കാട്ടുകൊമ്പൻ ചവിട്ടിക്കൊലപ്പെടുത്തിയത്.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മുണ്ടക്കയത്തിന് സമീപം കാട്ടുപാതയിലായിരുന്നു സംഭവം. രാത്രിയോടെയാണ് പരമശിവവും പതിനഞ്ചംഗ സംഘവും റോഡിൽ നിന്നു വനമേഖലയിലേയ്ക്ക് കടന്നത്. പരമശിവത്തിനൊപ്പമുള്ള സംഘത്തിലെ മുപ്പത് അംഗ സംഘത്തിൽ പകുതി ആളുകൾ മാത്രമാണ് മുക്കുഴിയ്ക്ക് യാത്ര പുറപ്പെട്ടത്. കോരുത്തോട്, മുക്കുഴി അമ്പലത്തിനു സമീപത്തെ ഇടവഴിയിലൂടെയാണ് സംഘം കാട്ടിലേയ്ക്ക് കടന്നത്. മകനെയും തോളിലിരുത്തി പരമശിവം മുന്നിൽ നടന്നു.
ഈ സമയത്താണ് കാടിനുള്ളിൽ ആനക്കൂട്ടം ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ ആനക്കൂട്ടത്തെ ശ്രദ്ധിച്ചു നിൽക്കുന്നതിനിടെ കൊമ്പൻമാരിൽ ഒരാൾ അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. കൊമ്പൻ ഓടിയെത്തുന്നത് കണ്ട് അയ്യപ്പഭക്തൻമാർ ചിതറിയോടി. മറ്റെല്ലാവരും വേഗത്തിലോടിയപ്പോൾ പരമശിവത്തിനു കുട്ടിയെയുമായി ഓടിമാറാൻ സാധിച്ചില്ല. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ ആന പരമശിവത്തെ അടിച്ചു വീഴ്ത്തി. വീണു കിടന്ന പരമശിവത്തിന്റെ തോളിയിരുന്ന ഏഴുവയസുകാരനെ തുമ്പിക്കൈ ഉപയോഗിച്ച് എടുത്ത് അരികിലേയ്ക്ക് മാറ്റിയിരുത്തി. തുടർന്ന് പരമശിവത്തെ കൊമ്പൻ ചവിട്ടിക്കൊല്ലുകയായിരുന്നു. സമീപത്ത് നിന്ന് കുട്ടി നിലവിളിച്ചെങ്കിലും കൊമ്പൻ തിരിഞ്ഞ് പോലും നോക്കാതെ മടങ്ങുകയായിരുന്നു.
ആന പോയതിനു ശേഷം അയ്യപ്പഭക്തർ വിവരം വനം വകുപ്പിനെയും പൊലീസിനെയും അറിയിച്ചു. ഇവർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മാർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.