ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് സൗകര്യം എരുമേലിയിൽ ആരംഭിച്ചു; ബുക്കിങ് കൗണ്ടർ അഡീ.എസ് പി എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

എരുമേലി: ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് സൗകര്യം എരുമേലിയിൽ ആരംഭിച്ചു. ബുക്കിങ് കൗണ്ടർ അഡീ.എസ് പി എസ്. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

പുതിയ സംവിധാനത്തിലൂടെ മുൻകൂർ അനുമതിയില്ലാതെ അയ്യപ്പൻമാർക്ക് ദർശനത്തിനെത്താനാകും. 10 കേന്ദ്രങ്ങളിലാണ് സ്പോട്ട് ബുക്കിങിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.

പ്രകൃതി സംരക്ഷണത്തിന് സ്ഥാനമാനങ്ങൾ ഇല്ലാതെ പുണ്യം പൂങ്കാവനം പദ്ധതിയിൽ പങ്കാളികളായ അയ്യപ്പഭക്തരെ അഡീ.എസ് പി എസ്. സുരേഷ് കുമാർ ഉദ്ഘാടന വേളയിൽ അഭിനന്ദിച്ചു.

എരുമേലിയിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളേ കുറിച്ച് സ്വാമിമാരോട് തന്നെ അദ്ദേഹം ചോദിച്ചറിഞ്ഞു. മുൻ വർഷങ്ങളേ അപേക്ഷിച്ച് ഏറ്റവും മികച്ച രീതിയിലുള്ള സൗകര്യങ്ങളാണ് എരുമേലിയിൽ ഒരുക്കിയിരിക്കുന്നതെന്ന് അഡീ. എസ് പി പറഞ്ഞു.

സ്പോട്ട് ബുക്കിങ് ആരംഭിച്ചതോടെ കൂടുതൽ പേർ ദർശനത്തിനായി എത്തുമെന്നാണ് ദേവസ്വം അധികൃതർ കണക്കുകൂട്ടുന്നത്.

എരുമേലി, നിലയ്ക്കൽ, കുമളി എന്നീ പ്രധാന ഇടത്താവളങ്ങൾക്ക് പുറമെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, കോട്ടയം ഏറ്റുമാന്നൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമശാസ്ത്രാ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ഏഴ് കേന്ദ്രങ്ങളിലും സ്പോട്ട് ബുക്കിങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

വെർച്വൽ ക്യൂ മുഖേന മുൻകൂർ ദർശനത്തിന്​ കൂപ്പൺ ബുക്ക് ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്​. ഇതിന്​ പുറമേയാണ്​ സ്പോട്ട് ബുക്കിങ്ങും ആരംഭിച്ചത്.