
നിരോധനാജ്ഞ ലംഘിച്ച് യു.ഡി.എഫ് നേതാക്കൾ ശബരിമലയിലേയ്ക്ക്, പൊലീസുമായി വാക്കുതർക്കം; നിലയ്ക്കലിൽ സംഘർഷാവസ്ഥ
സ്വന്തം ലേഖകൻ
ശബരിമല: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ എത്തിയ യു.ഡി.എഫ് നേതാക്കൾ നിലക്കലിൽ നിരോധനാജ്ഞ ലംഘിച്ചു. മൂന്നോ നാലോ എം.എൽ.എമാരെ മാത്രം കടത്തി വിടാമെന്ന നിർദേശത്തിൽ പ്രതിഷേധിച്ച് നേതാക്കൾ എസ്.പി യതീഷ് ചന്ദ്രയുമായി വാക്കുതർക്കവുമുണ്ടായി.
144 ലംഘിക്കുമെന്നും പൊലീസ് വേണമെങ്കിൽ അറസ്റ്റ് ചെയ്ത് നീക്കെട്ട എന്നും രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. തുടർന്ന് യു.ഡി.എഫ് നേതാക്കളും പ്രവത്തകരും നിലക്കലിൽ കുത്തിയിരുന്ന് ശരണംവിളിച്ച് പ്രതിഷേധിച്ചു. എസ്.പി യതീഷ് ചന്ദ്ര സ്ഥലത്തെത്തി നേതാക്കളുമായി സംസാരിക്കുകയും യാത്ര തുടരാമെന്ന് അറിയിക്കുകയും ചെയ്‌തെങ്കിലും നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടർന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൽപ്പസമയം മുദ്രാവാക്യം വിളി തുടർന്നപ്പോൾ പൊലീസ് സഥലത്തെത്തി എല്ലാവരെയും കടത്തിവിടാമെന്ന് ഉമ്മൻ ചാണ്ടിയെ അറിയിച്ചു. പമ്പയിലേക്ക് പോകാൻ ബസ് ഏർപ്പെടുത്താമെന്നും പൊലീസ് അറിയിച്ചു. തുടർന്ന് യു.ഡി.എഫ് സംഘാംഗങ്ങൾ പ്രതിഷേധം അവസാനിപ്പിച്ച് നിലക്കൽ ക്യാമ്പിലേക്ക് തിരിച്ചു.
സന്നിധാനത്തേക്ക് പോകുമെന്നും ആവശ്യമെങ്കിൽ നിരോധനാജ്ഞ ലംഘിക്കുമെന്നും ശബരിമലയിലേക്ക് പുറപ്പെടും മുമ്പ് നേതാക്കൾ അറിയിച്ചിരുന്നു. പ്രതിപക്ഷനേതാവിനെ കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, നേതാക്കളായ എം.കെ. മുനീർ, പി.ജെ. ജോസഫ്, ജോണി നെല്ലൂർ, എൻ.കെ. പ്രേമചന്ദ്രൻ, സി.പി. ജോൺ, ജി. ദേവരാജൻ എന്നിവരാണ് സംഘാംഗങ്ങൾ.
അതേസമയം, അഖിലേന്ത്യാ നേതാക്കളെ ശബരിമലയിൽ എത്തിക്കുകയെന്ന ബി.ജെ.പി നീക്കത്തിന്റെ ഭാഗമായി കർണാടക എം.പി നളിൻകുമാർ കാടീലുംവി. മുരളീധരൻ എം.പിയും നിലക്കലെത്തി.
ശബരിമലയിലെ പ്രശ്‌നങ്ങൾ വിലയിരുത്താൻ സംസ്ഥാന മനുഷ്യാവകാശ കമീഷനും പമ്പയിലെത്തിയിട്ടുണ്ട്. കമീഷന്റെ മൂന്നംഗ സംഘമാണ് പമ്പയിലെത്തിയത്.