
ഫ്‌ളൈ ഓവര്‍ കയറണ്ട; പതിനെട്ടാം പടി കയറി നേരിട്ട് ദര്‍ശനം; ശബരിമലയില്‍ പുതിയ ക്രമീകരണം ഇന്നുമുതല്‍; മീനമാസ പൂജകള്‍ക്കായി നട ഇന്ന് തുറക്കും
പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.
വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും.
ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തുന്ന പുതിയ ക്രമീകരണത്തിന്റെ ട്രയലും ഇന്ന് ആരംഭിക്കും.
നാളെ പുലര്‍ച്ചെ 5ന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടത്തും. തുടര്‍ന്ന് തന്ത്രിയുടെ നേതൃത്വത്തില്‍ കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകീട്ട് 5ന് നടതുറന്ന് 6.30ന് ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി 10ന് നടയടയ്ക്കും.
വെര്‍ച്വല്‍ ക്യൂ വഴിയും സ്പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനം നടത്താം. പതിനെട്ടാംപടി കയറി എത്തുന്ന ഭക്തര്‍ക്ക് ഫ്‌ളൈ ഓവര്‍ കയറാതെ നേരിട്ട് കൊടിമര ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ട്രയലാണ് ഇന്നുമുതല്‍ ആരംഭിക്കുക.
ശബരിമലയില്‍ പതിനെട്ടാംപടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ദര്‍ശനം നടത്താവുന്നതാണ് പുതിയ രീതി. ഫ്‌ളൈ ഓവര്‍ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കല്‍പ്പുര കയറി ദര്‍ശനം നടത്താവുന്ന തരത്തിലാണ് പുതിയ ക്രമീകരണം. ഇതിനാവശ്യമായ നിര്‍മാണം പൂര്‍ത്തിയായി.