
ഓണം പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു; ഇനി കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 17 ന് നട തുറക്കും
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഓണം പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു. അഞ്ച് ദിവസത്തെ ദര്‍ശനത്തിനായി തുറന്ന നട വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അടച്ചത്. ഉത്രാടം മുതല്‍ ചതയം വരെ ഭഗവാനെ കണ്ടു തൊഴാനായി എത്തിയ അയ്യപ്പ ഭക്തര്‍ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും നല്‍കിയിരുന്നു. ചതയ ദിനമായ ഇന്നലെ രാവിലെ 10.30ന് ഓണസദ്യ ആരംഭിച്ചു.
മാളികപ്പുറം മേല്‍ശാന്തിയുടെ വക സദ്യയ്ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിളക്കുകൊളുത്തി. ഭഗവാനെ സങ്കല്‍പ്പിച്ച് തൂശനിലയില്‍ സദ്യ വിളമ്പിയതോടെയാണ് ഓണസദ്യയ്ക്ക് തുടക്കമായത്. 5,000 പേര്‍ക്കുള്ള ഓണസദ്യയാണ് വ്യാഴാഴ്ച ഒരുക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ അയ്യപ്പ സേവ പൂര്‍ത്തിയാക്കി ശബരിമല കീഴ്ശാന്തി ശ്രീകാന്ത് നമ്പൂതിരി മലയിറങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ കിഴക്കേ മണ്ഡലത്തില്‍ പൂജിച്ച കളഭം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലില്‍ എത്തിക്കുകയായിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കളഭാഭിഷേകം നടത്തി. മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയാണ് സഹകാര്‍മികത്വം വഹിച്ചത്. ഇനി കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 17 വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. സെപ്റ്റംബര്‍ 22 വരെയുള്ള പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.