ശബരിമല സ്ത്രീ പ്രവേശനം: സമരം പൊളിക്കാൻ പിണറായിയുടെ കുതന്ത്രം; രാഷ്ട്രീയക്കാരുടെ ചർച്ച പൊളിച്ചടുക്കി; തന്ത്രിയ്ക്കും കൊട്ടാരത്തിനും വിലകൊടുത്തു; രാഷ്ട്രീയക്കാർ പ്രതിഷേധിച്ചപ്പോൾ സംതൃപ്തിയോടെ തന്ത്രിയും കൊട്ടാരവും
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെ സമ്മർദത്തിലാക്കി സർവകക്ഷിയോഗം വിളിക്കാൻ നിർബന്ധിതരാക്കിയ രാഷ്ട്രീയകക്ഷികളുടെ തന്ത്രത്തെ തകർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിയെയും, പന്തളം കൊട്ടാരം പ്രതിനിധികളെയും രാഷ്ട്രീയ പാർട്ടികളെയും വ്യത്യസ്ത ചർച്ചകൾക്കായി വിളിച്ച മുഖ്യമന്ത്രി, രാഷ്ട്രീയക്കാർ ഉയർത്തിയ ആവശ്യം അംഗീകരിക്കാതെ, തന്ത്രിയും കൊട്ടാരവും വച്ച ആശങ്കകൾക്ക് അംഗീകാരം നൽകുകയായിരുന്നു. രാഷ്ട്രീയ സമരക്കാർ സർവകക്ഷിയോഗം പ്രതിഷേധിച്ച് ബഹിഷ്‌കരിച്ചപ്പോൾ, സംതൃപ്തിയോടെയാണ് രാജാവും തന്ത്രിയും മുഖ്യമന്ത്രി ഓഫിസിൽ നിന്നു പടിയിറങ്ങിയത്.
വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചപ്പോൾ പ്രതിപക്ഷ കക്ഷികൾ അടക്കം ഏറെ പ്രതീക്ഷയോടെയാണ് ഈ സർവകക്ഷിയോഗത്തെ കണ്ടത്. സർക്കാരിന്റെ നിലപാടിൽ അയവുണ്ടാകുമെന്നും, സമരം അവസാനിപ്പിക്കാനാവുമെന്നുമായിരുന്നു ബിജെപിയുടെയും, സംഘപരിവാർ സംഘടനകളുടെയും കോൺഗ്രസിന്റെയും പ്രതീക്ഷ. എന്നാൽ, എല്ലാം തകർത്ത് കളയുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. യോഗത്തിന്റെ ആമുഖ പ്രസംഗത്തിൽ തന്നെ സർക്കാർ നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സർക്കാർ ഒരു പടി പോലും പിന്നോട്ട് പോകില്ലെന്നു തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗത്തിലെ നിലപാട്. ഈ നിലപാടിനു വിരുദ്ധമായ അഭിപ്രായങ്ങൾ ഏറെയുണ്ടായെങ്കിലും, യുവതികളെ ഒരു പ്രത്യേക ദിവസം ശബരിമലയിൽ പ്രവേശിപ്പിക്കാമെന്നും, ഇതിനു വേണ്ട ക്രമീകരണമാണ് ഒരുക്കേണ്ടതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ സമാന പ്രസംഗം പൂർത്തിയായതിനു പിന്നാലെ കോൺഗ്രസ് പ്രതിനിധിയായി ചർച്ചയ്ക്ക് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരും, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളയും, പി.സി ജോർജ് എംഎൽഎയും പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച് ചർച്ച ബഹിഷ്‌കരിച്ചു. തുടർന്നു മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കുകയും ചെയ്്തു.
കൃത്യം അരമണിക്കൂറിനു ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ തന്ത്രിയുടെയും, പന്തളം കൊട്ടാരം പ്രതിനിധികളുടെയും യോഗം ചേർന്നത്. സർവകക്ഷിയോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ ഉയർത്തിയ അതേ ആവശ്യങ്ങൾ തന്നെയാണ് തന്ത്രിയും കൊട്ടാരം പ്രതിനിധികളും ഉയർത്തിയത്. ഇവരുടെ ആവശ്യങ്ങളെ അനുഭാവ പൂർവം പരിഗണിക്കാമെന്ന് അറിയിച്ച മുഖ്യമന്ത്രി കൃത്യമായ രാഷ്ട്രീയമാണ് മുന്നോട്ട് വച്ചത്.
സമരം നടത്തി തെരുവിലിറങ്ങുന്ന രാഷ്ട്രീയ പാർട്ടികൾ ശബരിമല പ്രശ്‌നത്തിൽ നേട്ടമുണ്ടാക്കരുതെന്ന തന്ത്രമായിരുന്നു മുഖ്യമന്ത്രി പയറ്റിയത്. സർവകക്ഷി ചർച്ച വിജയിക്കുകയും, സർക്കാർ ഏതെങ്കിലും രീതിയിൽ പിന്നോട്ട് പോകുകയും ചെയ്തിരുന്നെങ്കിൽ ഇത് ശബരിമല പ്രശ്‌നത്തിൽ രാഷ്ട്രീയ സമരത്തിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെട്ടേനെ. ഇത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മനപൂർവം തന്നെ സർവകക്ഷിയോഗം പരാജയപ്പെടുത്തിയത്. തുടർന്ന് ചേർന്ന തന്ത്രിയുടെയും കൊട്ടാരം പ്രതിനിധികളുടെയും യോഗത്തിൽ ഇതേ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തത്. ഇത് മുഖ്യമന്ത്രിയുടെയല്ല മറിച്ച് പിണറായി വിജയൻ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ വിജയമായി മാറി.