ശബരിമല സ്ത്രീ പ്രവേശനം: സന്നിധാനത്ത് ആദ്യമായി വനിതാ പൊലീസെത്തി; അയ്യപ്പഭകതരെ കടത്തിവിടുന്നില്ലെന്നാരോപിച്ച് നിലയ്ക്കലിലും എരുമേലിയിലും സംഘർഷം; ആചാരലംഘനമുണ്ടായാൽ നട അടയ്ക്കുമെന്നു മേൽശാന്തി
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കനത്ത പൊലീസ് കാവലിൽ സന്നിധാനം. പമ്പയും സന്നിധാനവും നിലയ്ക്കലും കാക്കിപ്പടയുടെ കാവലിലായി. ചരിത്രത്തിൽ ആദ്യമായി സന്നിധാനത്ത് വനിതാ പൊലീസ് സംഘവും എത്തി. അയ്യപ്പഭക്തരെ സന്നിധാനത്തേയ്ക്ക് കടത്തി വിടാത്തതിൽ പ്രതിഷേധിച്ച് എരുമേലിയിലും, നിലയ്ക്കലിലും കണമലയിലും പ്രതിഷേധം ശക്തമായി.
ചിത്തിര ആട്ടവിശേഷത്തിനായി ഇന്ന് വൈകിട്ട് ശബരിമല നടതുറക്കാനിരിക്കെയാണ് സംഘർഷം വ്യാവസമായിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി പത്തു മണിവരെയാണ് നട തുറന്നിരിക്കുക. ശബരിമലയുടെ സുരക്ഷയ്ക്കായി അയ്യായിരത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. അൻപത് വയസിനു മുകളിൽ പ്രായമുള്ള 15 വനിതാ പൊലീസുകാരെയാണ് സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്. ആർഎസ്എസിന്റെയും ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ വനിതകളെ പ്രതിഷേധത്തിനായി സന്നിധാനത്ത് എത്തിക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സന്നിധാനത്ത് വനിതാ പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
മണിക്കൂറുകളോളം നീണ്ടു നിന്ന ആശങ്കകൾക്കൊടുവിൽ സന്നിധാനത്തേയ്ക്ക് മാധ്യമപ്രവർത്തകരെ കൊണ്ടു പോകാൻ തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് നിലയ്ക്കലിലെത്തിയ മാധ്യമങ്ങളെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പമ്പവരെ കടത്തി വിട്ടത്. തുടർന്ന് തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് മാധ്യമ പ്രവർത്തകരെ സന്നിധാനത്തേയ്ക്ക് കൊണ്ടു പോകാൻ അനുവാദം നൽകിയത്. കനത്ത പൊലീസ് അകമ്പടിയിലാണ് മാധ്യമങ്ങളെ സന്നിധാനത്തേയ്ക്ക് കൊണ്ടു പോകുന്നത്.
ഇതിനിടെ എരുമേലിയിൽ അയ്യപ്പഭക്തരെ തടഞ്ഞത് സംഘർഷത്തിനു ഇടയാക്കിയിട്ടുണ്ട്. ശബരിമലയിലേയ്ക്കുള്ള അയ്യപ്പഭക്തരെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാത്രമേ കടത്തി വിടൂ എന്നായിരുന്നു എരുമേലിയിൽ പൊലീസിന്റെ നിലപാട്. ഇതേ തുടർന്ന് അയ്യപ്പഭക്തർ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. തുടർന്ന് പതിനഞ്ചിലേറെ വരുന്ന അയ്യപ്പഭക്തർ എരുമേലിയിൽ റോഡ് ഉപരോധിച്ച് കെ.എസ്ആർടിസി ബസ് തടഞ്ഞു. ഇതോടെ സ്ഥിതി സംഘർഷഭരിതമായിരിക്കുകയാണ്. ശരണംവിളികളുമായി അയ്യപ്പഭക്തർ റോഡ് ഉപരോധിക്കുകയായിരുന്നു. എരുമേലിയിലും നിലയ്ക്കലിലും കണമലയിലും അയ്യപ്പഭക്തരെ പൊലീസ് തടഞ്ഞിരുന്നു. ഇത് ഈ പ്രദേശത്തെല്ലാം നേരിയ സംഘർഷത്തിനു ഇടയാക്കിയിട്ടുണ്ട്.
ഇതിനിടെ ആചാരലംഘനമുണ്ടായാൽ നട അടയ്ക്കുമെന്ന ഭീഷണിയുമായി ശബരിമല മേൽശാന്തിയും, തന്ത്രിയും രംഗത്ത് എത്തി. ഇത് പുതിയ പ്രതിസന്ധിയാകും സർക്കാരിനു സൃഷ്ടിക്കുക. ഇതിനിടെ നിലയ്ക്കലിൽ എത്തിയ അയ്യപ്പഭക്തരെ തടഞ്ഞത് ഇവിടെ ചെറിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ഒടുവിൽ സന്നിധാനത്തേയ്ക്ക് ഈ അയ്യപ്പഭക്തരെ കാൽനടയായി പൊലീസ് കടത്തി വിട്ടു. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് സന്നിധാനത്തേയ്ക്ക് ഇപ്പോൾ എത്തുന്നത്. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group