
തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണത്തിലെ സ്വർണം സ്വീകരിച്ചതില്‍ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തല്‍.
എക്സിക്യൂട്ടീവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരില്‍ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തല്‍. രേഖകളില്‍ സ്വർണം കൈമാറിയവരുടെ പേര് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി.
കൊടിമര നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷണത്തില്‍ വിജിലൻസ് അതിവേഗ നീക്കമെടുത്തിരിക്കുകയാണ്. രേഖകള്‍ ആവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറിക്ക് വിജിലൻസ് ഡയറക്ടർ കത്ത് നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ആണ് കത്ത് നല്‍കിയത്. നിലവില്‍ രേഖകളെല്ലാം എസ്ഐടിയിലും ദേവസ്വം വിജിലൻസ് കസ്റ്റഡിയിലുമാണ്.
ഹൈക്കോടതിക്ക് ദേവസ്വം വിജിലൻസ് കൈമാറിയ റിപ്പോർട്ടിലാണ് മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പിനെതിരെ പരാമർശങ്ങള്‍ നടത്തിയത്. കൊടിമര നിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതില്‍ എഎസ്പി കുറുപ്പ് ചട്ടലംഘനം നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വർണ്ണം സംഭാവനയായി സ്വീകരിക്കാൻ ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയത്.
എന്നാല്‍, ഭക്തജനങ്ങളില്‍ നിന്നും സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്ന് ദേവസം വിജിലൻസ് കണ്ടെത്തി. സ്വർണ്ണം സ്വീകരിച്ചാല്‍ ത്രീ എ രജിസ്റ്ററില്‍ രേഖപ്പെടുത്തണം എന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി.
സ്വർണ്ണം കൈമാറിയവരുടെ പേരുവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ല. ഒരു ഭക്തൻ എന്ന് മാത്രമാണ് പല രേഖകളിലും കണ്ടിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.



