ശബരിമല സ്വര്‍ണപ്പാളി വിവാദം: കൂടുതൽ നടപടികളിലേക്ക് ദേവസ്വം ബോര്‍ഡ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള വാറണ്ടി റദ്ദാക്കുമെന്ന് പിഎസ് പ്രശാന്ത്

Spread the love

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു.

സ്‍മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറണ്ടി റദ്ദാക്കും. വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്തബന്ധമുണ്ടെന്ന വാര്‍ത്തയിൽ പ്രതികരണവുമായി സിപിഎം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായ അജികുമാര്‍ രംഗത്തെത്തി.

പിഎസ് പ്രശാന്തിന്‍റെ പ്രതികരണത്തിനുശേഷമാണ് അജികുമാര്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയത്. ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗം ബിനുവാണ് ബെംഗളൂരുവിലുള്ളവരെ പരിചയപ്പെടുത്തിയതെന്നും നിരാലംബരായ രണ്ടുപേര്‍ക്ക് വീട് കിട്ടിയപ്പോള്‍ സന്തോഷിച്ചുവെന്നും എന്നാൽ, അതെല്ലാം ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും എല്ലാവരുടെയും പൊലീസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സംസാരിക്കാൻ പറ്റുമോയെന്നും അജികുമാര്‍ ചോദിച്ചു. താൻ ആരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ താനല്ല യോഗത്തിലേക്ക് ക്ഷണിച്ചതെന്നും എംഎൽഎയും ഡിവൈഎസ്‍പിയുമൊക്കെ യോഗത്തിൽ പങ്കെടുത്തുവെന്നും പാര്‍ട്ടി ഒരു വിശദീകരണവും തേടിയിട്ടില്ലെന്നും അജികുമാര്‍ പറഞ്ഞു.

ശബരിമലയിലെ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ എ അജികുമാറിന് അടുത്ത ബന്ധമെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അജികുമാറിന്‍റെ കുടുംബക്ഷേത്രത്തിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് പേർക്ക് വീട് നിർമിച്ചു നൽകിയെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. കായംകുളം അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസർ ആയി അജികുമാർ എത്തിച്ചത്.

ബെംഗളൂരു സ്വദേശികളായ മൂന്ന് അയ്യപ്പ ഭക്തർ നിർമിച്ചു നൽകുന്ന വീട് എന്നാണ് നോട്ടീസിൽ പറഞ്ഞത്. രണ്ട് പേർ രാഘവേന്ദ്ര, രമേശ്‌ എന്നിവരായിരുന്നു മൂന്നാമൻ ഉണ്ണികൃഷ്ണൻ പോറ്റിയും. അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര പരിസരത്ത് വെച്ച് മെയ് 25 നാണ് താക്കോൽ ദാന ചടങ്ങ് നടന്നത്. അജികുമാറാണ് ഭവന പദ്ധതിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത്. ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും അജികുമാർ ആണ് പോറ്റിയെ എത്തിച്ചതെന്നും വീടിന് അർഹമായവരെ കണ്ടെത്തുക മാത്രമാണ് ഞങ്ങൾ ചെയ്തതെന്നും അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര ഭാരവാഹികൾ പ്രതികരിച്ചു. കായംകുളത്തെ സിപിഐ നേതാവ് കൂടിയായ അജികുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതി ഉയർന്നിരുന്നു. തുടർന്ന് സിപിഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്തിയിരുന്നു. അത്തരത്തിൽ പാർട്ടി നടപടി നേരിട്ടയാൾ കൂടിയാണ് തിരു. ദേവസ്വം ബോർഡ് അംഗം അജികുമാർ.

മുരാരി ബാബുവിന്‍റെ വാദം തള്ളി സെന്തിൽ നാഥൻ

 

അതേസമയം, മുരാരി ബാബുവിന്‍റെ വാദങ്ങൾ തള്ളി വിജയ് മല്യ സ്വര്‍ണം പൊതിയുന്നതിനായി മേൽനോട്ടം വഹിച്ച സെന്തിൽ നാഥൻ രംഗത്തെത്തി. സ്വർണം പൊതിഞ്ഞ പാളി ചെമ്പായി മാറാൻ ഒരു സാധ്യതയുമില്ലെന്നും എന്തോ തിരിമറി നടന്നിട്ടുണ്ടെന്ന് ഉറപ്പാണെന്നും സെന്തിൽ നാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ 2019ൽ വിജയ് മല്യ നല്‍കിയ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ ബി മുരാരി ബാബുവിനെ ഇന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് ഇദ്ദേഹം. 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളി കൊടുത്തുവിട്ടതും മുരാരിബാബുവാണ്. അന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. 2019 ൽ സ്വർണ്ണം ചെമ്പാണെന്ന് എഴുതിയതും മുരാരി ബാബു ആയിരുന്നു.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്നാണ് തിരുവിതാംകൂർ ഡെപ്യൂട്ടി കമ്മീഷണർ ബി മുരാരി ബാബു പറയുന്നത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞു. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍ ചെമ്പ് തെളിഞ്ഞു. വീഴ്ചയിൽ പങ്കില്ലെന്നും മുരാരി ബാബു കൂട്ടിച്ചേര്‍ത്തു.