video
play-sharp-fill

ശബരിമല സമാധാന അന്തരീക്ഷത്തിലേക്ക്; സമരവും നാമജപവുമെല്ലാം നിയമസഭയ്ക്കു മുന്നിലേക്ക്

ശബരിമല സമാധാന അന്തരീക്ഷത്തിലേക്ക്; സമരവും നാമജപവുമെല്ലാം നിയമസഭയ്ക്കു മുന്നിലേക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭയിൽ യുഡിഎഫും സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപിയും സമരം തുടങ്ങിയതോടെ ശബരിമല പൂർണമായും സമാധാന അന്തരീക്ഷത്തിലേക്ക്. യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ലക്ഷ്യം ഒന്നാണെന്ന് ആരോപിച്ച് ഇതോടെ സിപിഎമ്മും മുഖ്യമന്ത്രിയും വർധിതാവേശത്തോടെ രംഗത്തെത്തി. ബിജെപി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതു കണക്കിലെടുത്താണ് യുഡിഎഫ് നിയമസഭാകക്ഷിയോഗം രാവിലെ ചേർന്നു നിയമസഭാകവാടത്തിൽ എംഎൽഎമാരുടെ സമരമെന്ന നിർദേശം അന്തിമമാക്കിയത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നുമാവശ്യപ്പെട്ടു സഭാസമ്മേളനം ആരംഭിച്ചതു മുതൽ പ്രതിപക്ഷം പോർമുഖം തുറന്നിരിക്കുകയാണ്. ഇതു കൂടി കണക്കിലെടുത്താണു സമരവേദി ബിജെപി ഇവിടേക്കു മാറ്റിയത്.

സത്യാഗ്രഹം ആരംഭിച്ച ശേഷം അകത്തു സഭാനടപടികളുമായി അടിയന്തരപ്രമേയ നോട്ടീസ് വേളയിൽ സഹകരിക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം. ഇക്കാര്യം കോൺഗ്രസ് ഉപനേതാവ് കെ.സി. ജോസഫ് സ്പീക്കറെ അറിയിച്ചു. എന്നാൽ ബിജെപിയും കോൺഗ്രസും ഒരേ കളിയിലേർപ്പെട്ടിരിക്കുന്നുവെന്നാരോപിച്ചു മുഖ്യമന്ത്രി കടന്നാക്രമണം നടത്തിയതോടെ വീണ്ടും പോർവിളികളിൽ സഭ പിരിഞ്ഞു. ബിജെപി തലസ്ഥാനത്തു സമരം പ്രഖ്യാപിച്ച വേളയിൽ ആ പാത യുഡിഎഫും പിന്തുടരുമോയെന്നു കാണാമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഹിന്ദുസംഘടനകളെ മാത്രം വിളിച്ചു വനിതാ മതിൽ തീർക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിനു പിന്നിലെ യഥാർഥ നവോഥാന താൽപര്യം ചികഞ്ഞ് പ്രതിപക്ഷം ഇതിനെ പ്രത്യാക്രമിച്ചു. വ്യാഴാഴ്ച ചേരുന്ന മതസൗഹാർദ സദസുകളിൽ ഇരുകൂട്ടരെയും തുറന്നുകാണിക്കാനുള്ള നിർദേശമാണ് എൽഡിഎഫ് നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group