
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇ ഡി ചോദ്യം ചെയ്ത ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന്‍റെ മൊഴി വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് ഇ ഡിക്ക് മുരാരി ബാബു മൊഴി നൽകിയത്.
സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞ ദിവസം 9 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് മുരാരി ബാബുവിനെ ഇ ഡി വിട്ടയച്ചത്.
ആവശ്യമെങ്കിൽ വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നൽകിയാണ് മുരാരി ബാബുവിനെ വിട്ടയച്ചത്. സ്വർണ കൊള്ള മാത്രമല്ല, കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണ് ഇ ഡി അനുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് ഇ ഡി. ഇതിന്‍റെ ഭാഗമായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ സാധ്യതയുണ്ട്. നിലവിൽ ജാമ്യത്തിലിറങ്ങിയ മറ്റ് പ്രതികളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം.



