
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി.
കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതിയില്‍ വാദം പൂർത്തിയായത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി.
തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യഹർജി ഈ മാസം 11 ന് പരിഗണിക്കും. റിമാൻഡിലായി 90 ദിവസം കഴിഞ്ഞത് കാട്ടി സ്വാഭാവിക ജാമ്യത്തിനായാണ് ഹർജി സമർപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദ്വാരപാലക ശില്‍പ്പ കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക ശില്പ കേസില്‍ റിമാൻഡിലായി 90 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ സ്വാഭാവിക ജാമ്യം ലഭിച്ചത്.
പിന്നാലെ കഴിഞ്ഞ 31-ാം തീയതി 90 ദിവസം പൂർത്തിയായെന്ന് കാട്ടിയാണ് കട്ടിളപാളി കേസിലും ജാമ്യഹർജിയുമായി ഉണ്ണികൃഷ്ണൻ പോറ്റി വിജിലൻസ് കോടതിയെ സമീപിച്ചത്.
2019-ലാണ് സ്പോണ്സർ എന്ന നിലയില്‍ സ്വർണ്ണം പൂശാനെന്ന വ്യാജേന സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളുടെ പാളികളും കട്ടിളപ്പാളികളും ആദ്യമായി പുറത്തേക്ക് കൊണ്ടുപോകുന്നത്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്. നിലവില്‍ ദ്വാരപാലകശില്പത്തിലെ സ്വർണമോഷണത്തിന്റെയും ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണമോഷണത്തിന്റെയും പേരിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതി ചേർത്തിരിക്കുന്നത്.



