
കൊല്ലം: ശബരിമല സ്വർണ മോഷണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് വിജിലൻസ് കോടതി. ദ്വാരപാലക ശിൽപ്പ കേസിൽ മാത്രമാണ് ശ്രീകുമാർ അറസ്റ്റിലായിരുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെ വിവിധ അന്വേഷണ ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ഇതേ കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.
ജാമ്യ ഉത്തരവിൽ, പ്രഥമദൃഷ്ട്യാ ശ്രീകുമാറിനെതിരെ എസ്ഐടിക്ക് യാതൊരു തെളിവും ഹാജരാക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. ദ്വാരപാലക ശിൽപ്പങ്ങൾ മാറ്റാനുള്ള തീരുമാനം എടുത്തതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം നടന്നതെന്നും, എക്സിക്യൂട്ടീവ് ഓഫീസറുടെ നിർദേശ പ്രകാരമാണ് അദ്ദേഹം മഹസറിൽ ഒപ്പ് വെച്ചതെന്നും കോടതി നിരീക്ഷിച്ചു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ലെന്നും, മഹസറിൽ ഒപ്പ് വെച്ചതൊഴികെ മറ്റ് കുറ്റകരമായ പങ്ക് കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചതെന്നും ഉത്തരവിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാമ്യം ലഭിച്ചതിനെ തുടർന്ന് എസ്. ശ്രീകുമാർ ഇന്ന് ജയിൽ മോചിതനാകും.



