play-sharp-fill
സന്നിധാനത്ത് യുവതികൾക്ക് പൊലീസിന്റെ സുരക്ഷ: എരുമേലി വാവര്പള്ളിയിൽ അറസ്റ്റും ജയിൽവാസവും: സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പ്രചാരണം ശക്തമാക്കാൻ സംഘപരിവാർ: വാവരുപള്ളിയിൽ ആർക്കും വിലക്കില്ലെന്ന് വ്യക്തമാക്കി ജമാഅത്ത് പ്രസിഡന്റ്

സന്നിധാനത്ത് യുവതികൾക്ക് പൊലീസിന്റെ സുരക്ഷ: എരുമേലി വാവര്പള്ളിയിൽ അറസ്റ്റും ജയിൽവാസവും: സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പ്രചാരണം ശക്തമാക്കാൻ സംഘപരിവാർ: വാവരുപള്ളിയിൽ ആർക്കും വിലക്കില്ലെന്ന് വ്യക്തമാക്കി ജമാഅത്ത് പ്രസിഡന്റ്

സ്വന്തം ലേഖകൻ

എരുമേലി: ശബരിമലപ്രവേശിക്കാൻ യുവതികൾ എത്തിയതിനു സമാനമായി എരുമേലി വാവര് പള്ളിയിലും പ്രവേശിക്കണമെന്ന ആവശ്യവുമായി യുവതികൾ എത്തിയതോടെ സർക്കാർ പൂർണമായും പ്രതിരോധത്തിൽ. യുവതികളെ സർക്കാർ കേരള അതിർത്തിയിൽ തടയുകയും, അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ സർക്കാരിനെതിരെ പ്രചാരണം ശക്തമാക്കാനാണ് ഇപ്പോൾ സംഘപരിവാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, എരുമേലി വാവര് പള്ളിയിൽ പ്രവേശിക്കുന്നതിന് യുവതികൾക്ക് വിലക്കില്ലെന്ന് പ്രഖ്യാപിച്ച് ജുമാ അത്ത് അധികൃതർ പ്രഖ്യാപിച്ചു.
ഇതിനിടെ എരുമേലി വാവരുപള്ളിയിൽ പ്രവേശിപ്പിക്കാൻ ഇനിയും സ്ത്രീകളെത്തുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പള്ളിയ്ക്ക് സുരക്ഷ ശക്തമാക്കുമെന്നാണ് റിപ്പോർട്ടുകൾ. മകരവിളക്ക് കാലത്ത് തന്നെ യുവതികളെത്തുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അതിർത്തിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് നടപടികൾ. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ സുശീലാദേവി (35), രേവതി (39), തിരുെനൽവേലി സ്വദേശിനി ഗാന്ധിമതി (51) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദുമക്കൾകക്ഷിയുടെ നേതൃത്വത്തിലാണ് വനിതകളെ എത്തിക്കാനുള്ള നീക്കം. 100ഓളം വനിതകളെ ഇതിനായി തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വർഗ്ഗീയ കലാപമുണ്ടാക്കലാണ് ലക്ഷ്യം. ഇതിനിനടെ കേരളാ പൊലീസിന്റെ ലിംഗ നീതി ചർച്ചയാക്കാൻ ഈ അവസരം വിനിയോഗിക്കാനാണ് സംഘപരിവാറിന്റെ ശ്രമം. ക്ഷേത്രാചാരങ്ങൾ തകർക്കുക മാത്രമാണ് പിണറായി പൊലീസിന്റെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമായെന്നാണ് അയ്യപ്പകർമ്മ സമിതി പോലുള്ള സംഘടനകളുടെ പക്ഷം.
ഇതിനിടെ സ്ത്രീകൾക്ക് വാവര് പള്ളിയിൽ വിലക്കില്ലെന്ന് ജമാഅത്ത് പ്രസിഡണ്ട് പിഎച്ച് ഷാജഹാൻ. മസ്ജിദിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ സന്ദർശനം നടത്താമെന്നും മുൻകൂട്ടി അറിയിച്ച ശേഷം ആർക്കും പ്രവേശിക്കാമെന്നും ഷാജഹാൻ പറഞ്ഞു. മസ്ജിദിലെ പ്രാർത്ഥനകൾക്ക് തടസ്സമുണ്ടാക്കാത്ത തരത്തിൽ ശരീരശുദ്ധിയോടെ സന്ദർശനം നടത്താൻ തടസ്സങ്ങളൊന്നുമില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

പള്ളിയുമായി ബന്ധപ്പെട്ട് ചിലർ വ്യാജവാർത്തകൾ പുറത്തുവിടുന്നുണ്ടെന്നും വാവര് പള്ളിയിൽ നിന്ന് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ നിലനിൽക്കുന്ന മതമൈത്രി തകർത്ത് ലഹള സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം തിരിപ്പൂർ സ്വദേശിനികളെ കേരളത്തിലേക്ക് കടക്കാനായി എത്തിയ സംഘത്തെ പാലക്കാട് കൊഴിഞ്ഞാംപാറയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ സുശീലദേവിയാണ് സംഘത്തിന്റെ നേതാവ്. ഇവരോടൊപ്പം തിരുപ്പതി, മുരുകസ്വാമി, ശെന്തിൽ എന്നീ മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനാൽ എരുമേലി വാവരുപള്ളിയിലും യുവതികൾക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ടാണ് ഇവർ എത്തിയത്. ഇവർ ഇന്നെത്തുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. പാലക്കാട് വഴി എരുമേലിയിലേക്കെത്താനായിരുന്നു ഇവരുടെ ശ്രമം. പൊലീസിന്റെ ഈ കണക്ക് കൂട്ടൽ തെറ്റിയില്ല. പാലക്കാട് ഡിവൈ.എസ്പി. ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി യുവതികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇവരെ തമിഴ്നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. ഇത് അനീതിയാണെന്നാണ് പരിവാർ സംഘടനകളുടെ നിലപാട്. ശബരിമലയിൽ കയറാൻ യുവതികളെ അനുഗമിക്കും. വാവര് പള്ളിയുടെ കാര്യത്തിൽ അതിനെ തടയുകയും ചെയ്യുന്നു. പൊലീസിന്റെ ഇരട്ടത്താപ്പാണ് ഇതെന്ന് പരിവാറുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹ്നാ ഫാത്തിമയെയും മേരീ സ്വീറ്റിയേയും പോലുള്ള ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ പിണറായി വിജയൻ ശ്രമിച്ചാൽ വാവര് പള്ളിയിലേക്ക് സ്ത്രീകളുമായി ഇരച്ചു കയറുമെന്ന് ഹിന്ദു മക്കൾ കക്ഷി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ കോവിലിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരായിട്ടാണ് വാവര് പള്ളിയിലേക്ക് സ്ത്രീകളുമായി കയറുന്നതെന്നും ഹിന്ദു മക്കൾ കക്ഷിയുടെ മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വലിയ സംഘം സ്ത്രീകളുമായിട്ടാണ് അവിടേക്ക് എത്തുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. രഹ്നാ ഫാത്തിമയെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ചത് അറബ് നാട്ടിൽ നിന്നും പിണറായി വിജയൻ പണം വാങ്ങിയാണെന്നും ഹിന്ദു മക്കൾ നേതാവ് ആരോപിച്ചിരുന്നു. തീവ്രഹിന്ദു നിലപാടുള്ള സംഘടനയാണ് അർജുൻ സമ്ബത്തിന്റേത്. സംഘപരിവാറുമായി ഈ സംഘടനയ്ക്ക് ബന്ധമൊന്നുമില്ല. എന്നാലും വാവര് പള്ളിയിൽ സ്ത്രീകളെ കയറ്റാൻ അനുവദിക്കാത്ത പിണറായി പൊലീസ് ശബരിമല യുവതി പ്രവേശനത്തിൽ ഹിന്ദുക്കളുടെ വിശ്വാസ വികാരങ്ങളെ മാനിക്കുന്നില്ലെന്ന ചർച്ച സജീവമക്കാൻ ഈ സംഭവം ഉപയോഗിക്കും.

യുവതികൾ വാവരുപള്ളിയിൽ പ്രവേശിക്കുന്നത് മറ്റൊരു കലാപത്തിന് കാരണമാകാമെന്ന വിലയിരുത്തലിനെ തുടർന്നാണ് യുവതികളെ കസ്റ്റഡിയിലെടുത്തത്. ഇവർ കേരളത്തിലേക്ക് വരുന്നുണ്ടെന്ന ഇന്റലിജൻസ് വിവരങ്ങളെ തുടർന്ന് പൊലീസ് മേഖലയിൽ വ്യാപക വാഹന പരിശോധന നടത്തിയിരുന്നു. എന്നാൽ വാഹനപരിശോധന നടത്തുന്നതറിഞ്ഞ് വാളയാർ എത്താതെ പാലക്കാട് അതിർത്തിയിൽ തന്നെയുള്ള വേലന്താവളം വഴിയാണ് കേരളത്തിലേക്ക് കടന്നത്. ഈ സമയത്താണ് മേഖലയിലുണ്ടായിരുന്ന പൊലീസുകാർ ഇവരെ കസ്റ്റഡിയിലെടുത്തത്. അതായത് വാവര് പള്ളിയിലെ വിശ്വാസം തകർത്താൽ ഉണ്ടാകുന്ന കലാപത്തെ പൊലീസും സർക്കാരും ഭയക്കുന്നു. എന്നാൽ ശബരിമലയിൽ വിശ്വാസം തകർത്ത ശേഷം ഭക്തരുടെ പ്രതിഷേധത്തെ തെരുവിൽ നേരിടുകയാണ് പൊലീസ് ചെയ്യുന്നതെന്ന വാദം ചർച്ചയാക്കാനാകും ഇനി പരിവാർ സംഘടനകൾ ശ്രമിക്കുക.
എരുമേലി നൈനാർ മസ്ജിദിൽ(വാവരുപള്ളി) പ്രവേശിക്കാൻ തമിഴ്നാട്ടിൽനിന്ന് യുവതികൾ വരുന്നതായി അഭ്യൂഹമുയർന്നതോടെ മസ്ജിദിന് പൊലീസ് കാവലേർപ്പെടുത്തി. നിലവിൽ മസ്ജിദിൽ പ്രദക്ഷിണം നടത്താൻ യുവതികൾക്ക് തടസ്സമില്ല. മസ്ജിദിനുള്ളിലെ നമസ്‌കാരമുറിയിൽ കയറാൻ യുവതികൾ ശ്രമിക്കുമോയെന്നാണ് ആശങ്ക. ഇതിനാലാണ് മസ്ജിദിനു ചുറ്റും കൂടുതൽ പൊലീസിനെ നിയോഗിച്ചത്. ഹിന്ദുമക്കൾകക്ഷിയുടെ നേതൃത്വത്തിലുള്ള വനിതാ ആക്ടിവിസ്റ്റുകൾ വിവിധ സംഘങ്ങളായി ചെക്‌പോസ്റ്റുകൾവഴി കേരളത്തിലേക്ക് കടക്കുമെന്നായിരുന്നു വിവരം.

മസ്ജിദിലേക്കുള്ള അനുബന്ധ പ്രവേശനഭാഗം അടച്ചു. തമിഴ്നാട് കേന്ദ്രമായ ഹിന്ദുമക്കൾ കക്ഷിയാണ് പള്ളിയിൽ പ്രവേശിക്കാനെത്തുന്നതെന്ന് പൊലീസും രഹസ്യാന്വേഷണ വിഭാഗവും പറയുന്നു. യുവതികളും പുരുഷന്മാരും ഉൾപ്പെടെ മുപ്പതോളം പേർ പല വാഹനങ്ങളിലായി കേരളത്തിലെത്തിയതായാണ് വിവരം. ഇതിൽ ഒരു സംഘത്തെ പാലക്കാട്ടുനിന്ന് കസ്റ്റഡിയിലെടുത്തു. മസ്ജിദിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതായി എരുമേലി അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ ഇ.പി. റെജി പറഞ്ഞു.

ഹിന്ദുമക്കൾകക്ഷി സുപ്രീംകോടതിവിധിക്ക് എതിരെയുള്ള നിലപാടാണ് എടുത്തിരുന്നത്. യുവതികൾ ശബരിമലയിൽ കയറിയതോടെയാണ് തങ്ങൾ എരുമേലി വാവരുപള്ളിയിൽ കയറാനായി എത്തിയതെന്നായിരുന്നു ഇന്നലെ കസ്റ്റഡിയിലായ യുവതികളുടെ വിശദീകരണം. യുവതികൾ പള്ളിയിലെത്തിയാൽ അത് സാമൂഹികപ്രശ്‌നമുണ്ടാക്കാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് അതിർത്തിയിൽ അവരെ തടയാൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയത്. തീർത്ഥാടകരുടെ വാഹനങ്ങളും കെ.എസ്.ആർ.ടി.സി. ബസ്സുകളും സ്വകാര്യ വാഹനങ്ങളുമടക്കം തടഞ്ഞായിരുന്നു പരിശോധന. തമിഴ്നാട് പൊലീസും തിരച്ചിലിന് അതിർത്തിയിലെത്തി.

നിയമപരമായി തടയാൻ പറ്റില്ലെങ്കിലും സംഘർഷസാധ്യത കണക്കിലെടുത്താണ് പൊലീസ് ജാഗ്രതയോടെ നീങ്ങിയത്. തിങ്കളാഴ്ചരാവിലെ യുവതികളുടെ ഒരുസംഘത്തെ വാളയാറിൽ തടഞ്ഞ് തിരിച്ചയച്ചതായി സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, ആനക്കട്ടി എന്നിവിടങ്ങളിലെല്ലാം പൊലീസ് വാഹനപരിശോധന നടത്തിയിരുന്നു. തമിഴ്നാട്ടിൽനിന്ന് കൂടുതൽ വനിതാ ആക്ടിവിസ്റ്റുകൾ എത്തുന്നെന്ന സൂചനയെത്തുടർന്ന് അതിർത്തിയിൽ ജാഗ്രതയോടെ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. അതിർത്തി ചെക്‌പോസ്റ്റുകളിൽ പൊലീസ് രാവിലെമുതൽ പരിശോധന തുടങ്ങിയിരുന്നു.