
വീണ്ടും ശബരിമല; എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമെന്ന് പൊലീസിന്റെ കൈപ്പുസ്തകം; അച്ചടിപ്പിശകെന്നും, കൈപ്പുസ്തകം പിന്‍വലിക്കുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍
പത്തനംതിട്ട: ശബരിമലയില്‍ എല്ലാവരേയും പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കോടതി നിര്‍ദേശപ്രകാരമായിരിക്കും തീരുമാനങ്ങള്‍. രണ്ടുവര്‍ഷമായുള്ള പ്രവേശന രീതി അതേപടി തുടരും. പൊലീസിന്റെ വിവാദമായ കൈപ്പുസ്തകം പിന്‍വലിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല പ്രവേശനത്തില്‍ പൊലീസിന് നല്‍കിയ നിര്‍ദേശം പിശകാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമെന്നത് അച്ചടി പിശകു മാത്രമാണ്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശമില്ല. യുവതീപ്രവേശന കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ടെന്ന കോടതി വിധിയാണ് പൊലീസ് കൈപ്പുസ്തകത്തില്‍ ഉദ്ധരിച്ചിരുന്നത്. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന പുസ്തകത്തിലാണ് യുവതീ പ്രവേശന വിധിയെ പറ്റിയുള്ള പരാമര്‍ശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നാണ് പുസ്തകത്തിലെ പ്രധാന നിർദ്ദേശം. ശബരിമലയിൽ തീർത്ഥാടകരോട് പൊലീസ് എങ്ങനെ പെരുമാറണം, ഡ്യൂട്ടി പോയിന്റുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്, പൂജാ സമയം, സന്നിധാനത്തെ സ്ഥലങ്ങൾ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകത്തിൽ ഒന്നാമതായാണ് യുവതീ പ്രവേശന വിധി ഓർമ്മപ്പെടുത്തി നിർദ്ദേശം നൽകിയിരിക്കുന്നത്.