ശബരിമലയിൽ ഇനി കർശന കൊവിഡ് പരിശോധന: ജീവനക്കാർക്കു കൃത്യമായ ഇടവേളകളിൽ പരിശോധന ഉറപ്പാക്കും; കടകളിലും സുരക്ഷാ സംവിധാനം കൊണ്ടു വരും; നിയന്ത്രങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനം
സ്വന്തം ലേഖകൻ
കോട്ടയം: കൂടുതൽ ജീവനക്കാർക്കു കൂടി കൊവിഡ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ ശബരിമലയിൽ സുരക്ഷ കർശനമാക്കാൻ നടപടി. കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കുന്നതിന് എഡിഎം അരുൺ കെ വിജയന്റെ സാന്നിധ്യത്തിൽ സ്പെഷ്യൽ പോലീസ് ഓഫീസർ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ പാലിക്കേണ്ട നടപടിക്രമങ്ങൾ യോഗം ചർച്ച ചെയ്തു. ശബരിമല ഡ്യൂട്ടിയിൽ ഉള്ള വിവിധ വകുപ്പ് പ്രതിനിധികൾ അഭിപ്രായങ്ങളും നിർദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദർശനത്തിന് എത്തുന്ന തീർഥാടകാരുടെ സുരക്ഷയും സൗകര്യങ്ങളും യോഗം വിലയിരുത്തി.ശബരിമല ഡ്യൂട്ടിയിൽ ഉള്ള വിവിധ വകുപ്പ് പ്രതിനിധികൾ അഭിപ്രായങ്ങളും നിർദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യവും ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടർ നടപടികളും യോഗം വിലയിരുത്തി.
പുതുതായി ശബരിമല ഡ്യൂട്ടിക്ക് വരുന്ന ജീവനക്കാരുടെ കോവിഡ് പരിശോധന മാനദണ്ഡം നിലവിലുള്ളതു പോലെ തുടരും. പൂർണമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സുരക്ഷിതമായി ജോലി ചെയ്യാൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കേണ്ടത് അതത് വിഭാഗങ്ങളിലെ പരിചയമ്പന്നരായ ജീവനക്കാരുടെ ചുമതലയാക്കും.
പോലീസിൽ ശബരിമല ഡ്യൂട്ടിക്കെത്തിയ 350 പേരുടെ ഡ്യൂട്ടി തിങ്കളാഴ്ച അവസാനിക്കും. പകരം വരുന്നവർക്ക് ആരോഗ്യ പ്രവർത്തകർ കൃത്യമായ പരിശീലനം നൽകും.പമ്പയിൽ പ്രവർത്തിക്കുന്ന എടിഎം കേന്ദ്രങ്ങളിൽ കോവിഡ് ബോധവൽക്കരണ നിർദേശങ്ങളും അണുനശീകരണ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് തീരുമാനമായി.
തുടർച്ചയായി ശബരിമല ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് ഇടവേളകളിൽ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് പമ്പയിലും നിലയ്ക്കലും ലാബുകളിൽ സൗകര്യമൊരുക്കും. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് വിവിധ ഘട്ടങ്ങളാണ് ടെസ്റ്റുകൾ നടത്തുന്നത്. ഓരോ വകുപ്പും കൈമാറുന്ന ജീവനക്കാരുടെ പട്ടിക അനുസരിച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കോവിഡ് ടെസ്റ്റുകൾ പൂർത്തീകരിക്കുമെന്ന് കോവിഡ് പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ ഡോ. പ്രശോഭ് പറഞ്ഞു.
ലേലം ചെയ്ത് നൽകിയ കടകളിൽ എല്ലാ കോവിഡ് നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ഭക്തർക്കായി പുതുതായി ഒരു ചുക്കുവെള്ള കൗണ്ടർ കൂടി ഒരുക്കുന്നതിന് വനം വകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികളെടുക്കാൻ യോഗത്തിൽ തീരുമാനമായി. ജീവനക്കാർ താമസിക്കുന്ന മുറികൾ ഇടയ്ക്കിടെ അണുവിമുക്തമാക്കും.