
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. 2013 മുതല്‍ വൃക്ക സംബന്ധമായ അസുഖത്തിന് ചികത്സയിലാണെന്നും, അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സെക്രട്ടറി എന്ന നിലയില്‍ നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നാണ് ജയശ്രീ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ജനുവരി 8, 9 തീയതികളില്‍ സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐടി) മുന്നില്‍ ഹാജരാകാന്‍ സുപ്രീംകോടതി ജയശ്രീയോട് നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. എസ്. ജയശ്രീക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.ബി സുരേഷ് കുമാര്‍, അഭിഭാഷകന്‍ എ. കാര്‍ത്തിക് എന്നിവരാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവര്‍ ഹാജരായി.
1982-ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിച്ചത്. 2017-ല്‍ ബോര്‍ഡ് സെക്രട്ടറിയായി. ഈ കാലയളവില്‍ ഒന്നും ശബരിമലയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും ഇടപെട്ടിട്ടില്ല എന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.



