മകരവിളക്ക് ദർശനം: ശബരിമലയിൽ പോകാൻ സുരേന്ദ്രന് ഹൈക്കോടതി അനുമതി നൽകിയില്ല; സുരേന്ദ്രന് ഇത്തവണ മലകയറാനാവില്ല

മകരവിളക്ക് ദർശനം: ശബരിമലയിൽ പോകാൻ സുരേന്ദ്രന് ഹൈക്കോടതി അനുമതി നൽകിയില്ല; സുരേന്ദ്രന് ഇത്തവണ മലകയറാനാവില്ല

സ്വന്തം ലേഖകൻ

പമ്പ: വൃശ്ചിക മാസത്തിന്റെ തുടക്കത്തിൽ മലകയറാൻ ശ്രമിച്ച് പരാജയപ്പെട്ട് കേസിൽ കുടുങ്ങി ജയിലിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് വൻ തിരിച്ചടി. ശബരിമലയിൽ കയറണമെന്നും, തന്റെ ഇരുമുടിക്കെട്ട് നേദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയിലും സുരേന്ദ്രൻ ഇളവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിക്കളഞ്ഞ ഹൈക്കോടതി കടുത്ത നിലപാട് എടുത്തതോടെ സുരേന്ദ്രന് ഇക്കുറി ശബരിമല കയറി ഇനി അയ്യപ്പനെ കാണാനാവില്ലെന്ന് ഉറപ്പായി. 
വൃശ്ചിക മാസത്തിൽ ശബരിമല സീസണിന്റെ മൂന്നാം ദിവസമാണ് പമ്പയിൽ വച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിച്ചു, നിരോധനാജ്ഞ ലംഘിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയ പൊലീസ് സംഘം സുരേന്ദ്രനെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. 21 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ കെ.സുരേന്ദ്രൻ പുറത്തിറങ്ങിയത് കോടതി അനുവദിച്ച കടുത്ത ഉപാധികളോടെയാണ്. ശബരിമലയിൽ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കൃത്യമായി പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം തുടങ്ങിയ വ്യവസ്ഥകളും കോടതി മുന്നോട്ടു വച്ചിരുന്നു. 
ഇത്തരത്തിൽ കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് തേടിയാണ് കഴിഞ്ഞ ദിവസം സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. വീണ്ടും ശബരിമലയിൽ ദർശനം നടത്തണമെന്നതായിരുന്നു സുരേന്ദ്രന്റെ ആവശ്യം. എന്നാൽ, എന്തിനാണ് മലയ്്ക്ക് പോകുന്നതെന്നു ചോദിച്ച കോടതി, വീണ്ടും ഇവിടെ പ്രശ്‌നമുണ്ടാക്കാനാണോ എന്ന കടുത്ത ചോദ്യമാണ് ഉയർത്തിയത്. തുടർന്ന് സുരേന്ദ്രന്റെ ശബരിമല സന്ദർശനത്തിൽ സർക്കാരിനോട് കോടതി റിപ്പോർട്ടും തേടി. ഇത് അനുസരിച്ചാണ് കെ.സുരേന്ദ്രനെ ശബരിമലയിൽ പോകുന്നതിൽ നിന്ന് വിലക്കി കോടതി ഏറ്റവും ഒടുവിൽ ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. ഇതോടെ ഇക്കുറി ശബരിമലയ്ക്ക് സുരേന്ദ്രന് പോകാനാവില്ലെന്ന് ഏതാണ്ട് ഇറപ്പായി.