വനിതാ മതിൽ പിന്നാലെ യുവതി പ്രവേശനം: ഇരട്ടനേട്ടത്തിൽ പിണറായി സർക്കാർ; മതിലും യുവതി പ്രവേശവും സുപ്രീം കോടതിയിലെത്തും

വനിതാ മതിൽ പിന്നാലെ യുവതി പ്രവേശനം: ഇരട്ടനേട്ടത്തിൽ പിണറായി സർക്കാർ; മതിലും യുവതി പ്രവേശവും സുപ്രീം കോടതിയിലെത്തും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലക്ഷക്കണക്കിനു സ്ത്രീകൾ അണിനിരന്ന വനിതാ മതിലിനു പിന്നാലെ ശബരിമല സന്നിധാനത്ത് രണ്ട് യുവതികൾ എത്തിയെന്ന സ്ഥിരീകരണം എത്തിയതോടെ ഇരട്ട നേട്ടത്തിൽ സംസ്ഥാന സർക്കാർ. മൂന്നു മാസത്തോളം നീണ്ടു നിന്ന പ്രതിഷേധങ്ങൾക്കിടെ കോടതി വിധി നടപ്പാക്കാൻ പോലും സർക്കാരിനു സാധിക്കാതെ വന്നിരുന്നു. ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സർക്കാർ വനിതാ മതിൽ സംഘടിപ്പിച്ചതും, ഇതിനു തൊട്ടു പിന്നാലെ സന്നിധാനത്ത് രണ്ട് യുവതികൾ എത്തിയതും.
ശബരിമല സ്ത്രീ പ്രവേശന വിധി എത്തിയ സെപ്റ്റംബർ 28 മുതൽ കടുത്ത പ്രതിഷേധമാണ് സംഘപരിവാർ ഗ്രൂപ്പുകൾ ശബരിമലയിൽ നടത്തിയിരുന്നത്. പ്രതിഷേധത്തെ തുടർന്ന് പല തവണ സന്നിധാനത്ത് സംഘർഷം ഉണ്ടാകുകയും ചെയ്തിരുന്നു. തുടർന്നാണ് സർക്കാർ പ്രതിഷേധക്കാരെ നേരിടാൻ വനിതാ മതിൽ തീർക്കാൻ തീരുമാനിച്ചത്. വനിതാ മതിലിനു മുൻപ് ആചാര സംരക്ഷണത്തിനായി കേരളത്തിലെ റോഡരികിൽ അയ്യപ്പജ്യോതി തെളിയിച്ച് ഹൈന്ദവ വിശ്വാസികൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ പല തവണ സന്നിധാനത്ത് പ്രവേശിക്കാൻ യുവതികൾ എത്തി. പമ്പയിലും, നിലയ്ക്കലിലും, മരക്കൂട്ടത്തും ഒടുവിൽ വലിയ നടപ്പന്തലിലും വരെ യുവതികൾക്ക് പ്രതിഷേധക്കാരെ നേരിട്ടേണ്ടി വന്നു. ഏറ്റവും ഒടുവിലാണ് ഇപ്പോൾ രണ്ടു യുവതികൾ സന്നിധാനത്ത് കയറി അയ്യപ്പനെ കണ്ട് ദർശനം നടത്തി മടങ്ങിയിരിക്കുന്നത്.
ശബരിമലയിൽ സ്ത്രി പ്രവേശനം സാധ്യമാക്കുന്നതിനാണ് വനിതാ മതിൽ എന്ന് പരസ്യമായി അവകാശപ്പെട്ടിരുന്നില്ലെങ്കിലും ഇതായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാകുന്നതായിരുന്നു വനിതാ മതിലിന്റെ ആശയം. എന്നാൽ, വനിതാ മതിലിന്റെ തൊട്ടടുത്ത ദിവസം തന്നെ ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് ചരിത്ര നിമിഷമായി തന്നെ മാറി.
ശബരിമലയ്ക്കു വേണ്ടി നടന്ന വനിതാ മതിലും, ബുധനാഴ്ച നടന്ന സ്ത്രീ പ്രവേശനവും ചൂണ്ടിക്കാട്ടിയാവും സംസ്ഥാന സർക്കാർ ഇനി വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുക. ഈ രണ്ടു വിഷയങ്ങളും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിക്കുന്ന സത്യവാങ്ങ് മൂലത്തിലും ഉൾപ്പെടുത്തും. ഇതോടെ റിവ്യു ഹർജി സുപ്രീം കോടതി തള്ളുമെന്ന് ഏതാണ്ട് ഉറപ്പാണ്. വനിതകൾ പ്രവേശിച്ചു കഴിഞ്ഞ സാഹചര്യയത്തിൽ വിധി നടപ്പായി കഴിഞ്ഞു. ഇനി വിധിയ്ക്ക് സ്റ്റേ അനുവദിക്കാനോ, വിധി പുനപരിശോധിക്കാനോ ഉള്ള സാധ്യതയില്ലെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. ഇതുകൂടാതെ വിധിയെ എതിർക്കുന്നവർ ഉയർത്തിക്കാട്ടുക കേരളത്തിൽ നടന്ന ജനകീയ പ്രതിഷേധമാവും. എന്നാൽ, വിധിയെ അനൂകൂലിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുക വനിതാ മതിൽ എന്നതാവും. പന്തളത്തും, ചങ്ങനാശേരിയിലും കോട്ടയത്തും എറണാകുളത്തും അടക്കമുള്ള സ്ഥലങ്ങളിൽ നടന്ന നാമജപ ഘോഷയാത്രയിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് അയ്യപ്പ ഭക്തരുടെ സംഘടനകളും, വിവിധ ഹൈന്ദവ സംഘടനകളും പ്രതിഷേധം ഉയർത്തുന്നത്. എന്നാൽ, അതിന്റെ പത്തിരട്ടി ആളുകൾ പ്രത്യേകിച്ച സ്ത്രീകൾ പങ്കെടുത്ത വനിതാ മതിൽ മാത്രം മതി കേരളം സ്ത്രീകൾ ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നു എന്ന് തെളിയിക്കാനാണ് സർക്കാരിന്റെ വാദം. ജനുവരി 22 ന് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ ഈ മതിലും യുവതി പ്രവേശനവും ഏറെ നിർണ്ണായകമാകും.