സന്നിധാനത്ത് അയ്യപ്പഭക്തരുടെ പേരിൽ അഴിഞ്ഞാട്ടം: വൃതമെടുത്ത് സന്നിധാനത്ത് എത്തിയ മാളികപ്പുറങ്ങളെ തടഞ്ഞു; മാധ്യമങ്ങൾക്ക് നേരെ കസേരയേറ്; പവിത്രമായ പതിനെട്ടാംപടിയിൽ കുത്തിയിരുന്ന് പ്രതിഷേധം
സ്വന്തം ലേഖകൻ
സന്നിധാനം: ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ പേരിൽ അക്രമികളുടെ അഴിഞ്ഞാട്ടം. ആയിരക്കണക്കിനു പൊലീസുകാരെ കാഴ്ചക്കാരാക്കി നിർത്തി, മാളികപ്പുറങ്ങളെ പരിശോധയ്ക്കു വിധേയരാക്കുന്ന അക്രമി സംഘം, മാധ്യമ പ്രവർത്തകർക്കു നേരെ കസേരയേറും നടത്തി. പവിത്രമായ പതിനെട്ടാംപടിയിൽ പോലും കുത്തിയിരുന്നാണ് അക്രമി സംഘത്തിന്റെ പ്രതിഷേധം. വിശ്വാസ സംരക്ഷകരായി ചമഞ്ഞെത്തിയ ആർഎസ്എസ് – ബി.ജെപി – സംഘപരിവാർ പ്രവർത്തകരാണ് ശബരിമലയിൽ അക്രമത്തന്റെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. അൻപത് വയസ് കഴിഞ്ഞ സ്ത്രീകൾ എത്തിയിട്ടു പോലും തടഞ്ഞ് നിർത്തി അസഭ്യം പറയുകയും, ഗുണ്ടായിസം കാട്ടുകയുമായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദർശനത്തിനായി വലിയ നടപ്പന്തൽ വരെയെത്തിയ തൃശ്ശൂർ സ്വദേശിയായ സുജാതയുടെ പ്രായം സംബന്ധിച്ച് സംശയമുണ്ടായതിനെത്തുടർന്നാണ് പ്രതിഷേധം ഉയർന്നത്. സുജാതയെ കണ്ടതോടെ ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകൾ ഇവരെ വളഞ്ഞു. ഉടൻ പോലീസെത്തി് പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചു. ഇവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ കൂട്ടാക്കിയില്ല. പ്രായം സംബന്ധിച്ച് വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തുടർന്ന് പോലീസ് ഇവരെ രക്ഷിച്ച് വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. തുടർന്ന് സന്നിധാനത്തെ ആശുപത്രിയിൽ കയറിയിരുത്തിയാണ് ഇവരെ അക്രമി സംഘത്തിൽ നിന്നു രക്ഷിച്ചത്.
പ്രതിഷേധക്കാർക്ക് നേതൃത്വം കൊടുത്ത ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിയുമായി പോലീസ് ചർച്ചകൾ നടത്തി. ഇതിനിടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ എടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. പോലീസ് എയ്ഡ് പോസ്റ്റിന് മുകളിൽ കയറി ദൃശ്യങ്ങൾ എടുത്ത മാതൃഭൂമി ക്യാമറമാൻ വിഷ്ണുവിന് നേരെ ആക്രോശവുമായി ഭക്തർ പാഞ്ഞടുത്തു. കെട്ടിടത്തിന്റെ സൺഷെയ്ഡിൽ നിന്ന് ദൃശ്യം പകർത്തിയ വിഷ്ണുവിന് നേർക്ക് ചിലർ കസേര വലിച്ചെറിഞ്ഞു. പിന്നീട് വിഷ്ണുവിനെ പ്രതിഷേധക്കാർക്കിടയിൽ നിന്ന് രക്ഷിച്ചു. മറ്റു ചാനലുകളുടെ റിപ്പോർട്ടർമാർക്കു നേരെയും ആക്രമണ ശ്രമമുണ്ടായി.
മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ രേഖകൾ പരിശോധിച്ച് ഇവർക്ക് അൻപത് വയസിനു മുകളിൽ പ്രായമുള്ളവരാണ് എന്ന് വ്യക്തമായതനു ശേഷമാണ് ഇവരെ സന്നിധാനത്ത് ദർശനത്തിനു അനുവദിച്ചത്. കണ്ണീരോടെയാണ് ഈ സ്ത്രീകൾ ദർശനം നടത്തി മടങ്ങിയത്.